അജിത് ഡോവലിൻ്റെ കാലാവധി നീട്ടി; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവിയിൽ തുടരും
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവിയിൽ അജിത് ഡോവലിൻ്റെ കാലാവധി കേന്ദ്ര സർക്കാർ നീട്ടി. ഇത് മൂന്നാം തവണയാണ് അജിത് ഡോവൽ ഈ പദവിയിൽ തുടരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് പികെ മിശ്രയുടെയും കാലാവധി നീട്ടിയെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തരാണ് ഇരുവരും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്ത് തുടരുന്ന വ്യക്തിയായി ഇതോടെ അജിത് ഡോവൽ മാറി.
1945-ൽ ഉത്തരാഖണ്ഡിൽ ജനിച്ച ഇദ്ദേഹം 1968 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. കേരളത്തിൽ 1971 ൽ നടന്ന തലശേരി കലാപം അടിച്ചമർത്താൻ അന്നത്തെ കെ കരുണാകരൻ സർക്കാർ അവിടേക്ക് അയച്ച എഎസ്പിയായിരുന്നു ഇദ്ദേഹം. അജിത് ഡോവൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്ത് എത്തിയ ശേഷമാണ് ഇന്ത്യ 2016 ൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയത്. പിന്നീട് 2019 ൽ പാകിസ്ഥാനിലെ ബാലകോട് അതിർത്തി കടന്ന് നടത്തിയ ആക്രമണത്തിൻ്റെ സൂത്രധാരനും ഡോവലായിരുന്നു.
1972 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ.പികെ മിശ്ര. 2014 മുതൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ പികെ മിശ്ര തുടരുകയാണ്. മൂന്നാം വട്ടം അധികാരത്തിലെത്തിയപ്പോഴും മോദി തൻ്റെ ഓഫീസിൻ്റെ ചുമതല പികെ മിശ്രക്ക് തന്നെ നൽകുകയായിരുന്നു. 2014 ൽ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി പ്രധാനമന്ത്രി നിയമിച്ചത്. അഞ്ച് വർഷത്തേക്കായിരുന്നു നിയമനം. 2019 ൽ മോദി വീണ്ടും അധികാരത്തിലേറിയപ്പോൾ അദ്ദേഹത്തിൻ്റെ സേവനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി. ഒപ്പം ഡോ.പികെ മിശ്രയുടെ കാലാവധിയും നീട്ടി. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ജയിച്ച് അധികാരത്തിലേറിയതിന് പിന്നാലെയാണ് മോദി തൻ്റെ വിശ്വസ്തരെ തനിക്കൊപ്പം തന്നെ നിലനിർത്തുന്നത്.
dfsdfsdfsdfsdfdf