ചരിത്രം തിരുത്തി യുഎസ് മിന്റ്; ജീവിച്ചിരിക്കുന്ന നേതാവിന്റെ ചിത്രവുമായി ട്രംപ് ഡോളർ നാണയം പുറത്തിറക്കി
ഷീബ വിജയൻ
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖചിത്രത്തോടു കൂടിയ ഡോളർ നാണയം യുഎസ് മിന്റ് (കമ്മട്ടം) പുറത്തിറക്കി. ജീവിച്ചിരിക്കുന്ന ഒരു യുഎസ് പ്രസിഡന്റിന്റെ ചിത്രം നാണയത്തിൽ പ്രത്യക്ഷപ്പെടുന്നത് ഒരു നൂറ്റാണ്ടിനിടെ ഇതാദ്യമായാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു ഡോളറാണ് ഈ നാണയത്തിന്റെ മൂല്യം. സാധാരണ വിനിമയത്തിനായി ഇവ ഉപയോഗിക്കാമെന്നാണ് ഔദ്യോഗിക അറിയിപ്പ്.
ബുധനാഴ്ച പുറത്തിറക്കിയ ഈ നാണയങ്ങളിൽ 25 എണ്ണത്തിന്റെ പാക്കറ്റിന് 61 ഡോളറും നൂറെണ്ണത്തിന്റെ പാക്കറ്റിന് 154.5 ഡോളറുമാണ് വില നിശ്ചയിച്ചിരുന്നത്. പുറത്തിറക്കി നിമിഷങ്ങൾക്കകം തന്നെ ഇവ വിറ്റുതീർന്നതിനാൽ പുതിയ നാണയങ്ങൾ കൂടി അടിച്ചിറക്കേണ്ട സാഹചര്യമാണുള്ളത്.
അതേസമയം, ട്രംപിന്റെ പ്രതിച്ഛായ അടിച്ചേൽപ്പിക്കാനുള്ള പുതിയ നീക്കത്തിനെതിരെ രാജ്യത്ത് വിമർശനം ശക്തമായിട്ടുണ്ട്. സാധാരണയായി അമേരിക്കൻ നിയമപ്രകാരം ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെയോ പ്രസിഡന്റിന്റെയോ ചിത്രം നാണയത്തിലോ കറൻസി നോട്ടിലോ ഉൾപ്പെടുത്താൻ അനുമതിയില്ല. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ നാണയം പുറത്തിറക്കാൻ ട്രഷറി സെക്രട്ടറിക്ക് അധികാരം നൽകുന്ന നിയമം ട്രംപിന്റെ ആദ്യ ഭരണകാലത്ത് പാസാക്കിയിരുന്നു. ഇതുപ്രകാരം അമേരിക്കൻ സ്വാതന്ത്ര്യദിനത്തിന്റെ 250-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ട്രംപിന്റെ ചിത്രമുള്ള നാണയം ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
നിർമാണപരമായി ഈ നാണയത്തിന് സ്വർണനിറമാണുള്ളതെങ്കിലും ഇതിൽ സ്വർണത്തിന്റെ അംശമൊന്നുമില്ല. 88.5 ശതമാനം ചെമ്പും, കൂടാതെ സിങ്ക്, മാംഗനീസ്, നിക്കൽ തുടങ്ങിയ ലോഹങ്ങളും ചേർത്താണ് ഇത് നിർമിച്ചിരിക്കുന്നത്. "സ്വാതന്ത്ര്യം" എന്ന വാക്കും "ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു" എന്ന യുഎസിന്റെ ദേശീയ മുദ്രാവാക്യവും നാണയത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനുമുമ്പ്, സ്വാതന്ത്ര്യദിനത്തിന്റെ 150-ാം വാർഷികം ആഘോഷിച്ച 1926-ലാണ് അന്നത്തെ പ്രസിഡന്റ് കാൽവിൻ കൂളിഡ്ജിന്റെ ചിത്രം രേഖപ്പെടുത്തിയ അര ഡോളർ കറൻസി നോട്ട് പുറത്തിറക്കിയിരുന്നത്.
dfsdfdfsdf

