ദേശീയ ഫുട്ബോൾ താരം സിനാൻ ജലീൽ ബൈക്ക് അപകടത്തിൽ മരിച്ചു
ശാരിക l കായികം
തൃശ്ശൂർ: ദേശീയ ഫുട്ബോൾ താരം ബൈക്ക് അപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ അന്തരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ ജലീൽ (18) ആണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി ചാവക്കാട് വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ സിനാൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
ഫുട്‌ബോൾ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള സിനാൻ, മുത്തൂറ്റ് എഫ്സിയുടെ താരമായിരുന്നു. സബ് ജൂനിയർ, ജൂനിയർ, അണ്ടർ-19, അണ്ടർ-20 വിഭാഗങ്ങളിലായി സംസ്ഥാനതലത്തിൽ മലപ്പുറം ജില്ലയ്ക്ക് വേണ്ടി നിരവധി മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. ഒഡീഷയിൽ നടന്ന ജൂനിയർ ബിസി റോയ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും ഈ വർഷം ദേശീയ സ്കൂൾ അണ്ടർ-19 ഫുട്ബോൾ കിരീടം നേടിയ കേരള ടീമിലും സിനാൻ അംഗമായിരുന്നു.
സ്‌പോർട്‌സ് ഹോസ്റ്റൽ വിദ്യാർത്ഥിയായി കരിയർ ആരംഭിച്ച സിനാൻ എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മലപ്പുറം തിരൂർ കൂട്ടായി മൗലാന മുഹമ്മദ് കുട്ടി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. നിലവിൽ അത്താണിക്കൽ എംഐസി സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥിയാണ്. വളർന്നുവരുന്ന ഒരു മികച്ച കായിക പ്രതിഭയെയാണ് ഈ അപകടത്തിലൂടെ കേരളത്തിന് നഷ്ടമായത്.
dfgdg



