ശ്രീകാര്യത്ത് ഇൻസ്റ്റഗ്രാം വഴി ഹണിട്രാപ്പ്: പത്തൊമ്പതുകാരിയും സുഹൃത്തും അറസ്റ്റിൽ
ശാരിക l കേരളം
തിരുവനന്തപുരം: ശ്രീകാര്യത്ത് ഇൻസ്റ്റഗ്രാം വഴി ഹണിട്രാപ്പ് തട്ടിപ്പ് നടത്തി പണവും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ യുവതിയും സുഹൃത്തും പിടിയിലായി. ശ്രീകാര്യം സ്വദേശിനി സൂര്യ (19), പാപ്പനംകോട് സ്വദേശി കൈലാസ് (20) എന്നിവരെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 19-കാരനെയാണ് പ്രതികൾ തട്ടിപ്പിന് ഇരയാക്കിയത്.
സൂര്യ ആവശ്യപ്പെട്ടതനുസരിച്ച് പാങ്ങപ്പാറയിൽ എത്തിയ യുവാവിനെ പ്രതി സ്‌കൂട്ടറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ വെച്ച് യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. മർദ്ദനത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തുടർന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പ്രതികൾ കൈക്കലാക്കി. ഇതിന് പുറമെ യുവാവിന്റെ ഫോണിലെ യോനോ ആപ്പ് വഴി 10,000 രൂപ പ്രതികളുടെ അക്കൗണ്ടിലേക്കും മറ്റൊരു നമ്പറിലേക്ക് 2,500 രൂപയും നിർബന്ധപൂർവ്വം അയപ്പിക്കുകയും ചെയ്തു.
മർദ്ദനമേറ്റ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സൂര്യയും കൈലാസും വലയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമാനമായ രീതിയിൽ ഇവർ മറ്റാരെയെങ്കിലും തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. സമൂഹമാധ്യമങ്ങൾ വഴിയുള്ള സൗഹൃദങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.
sddsf



