ബഹ്‌റൈനിൽ വൈദ്യുതി കുടിശ്ശിക 84 ദശലക്ഷം ദിനാറിലെത്തി; സബ്‌സിഡിക്കായി സർക്കാർ വകയിരുത്തിയത് കോടികൾ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിൽ വൈദ്യുതി ചാർജ് ഇനത്തിലുള്ള കുടിശ്ശിക 84 ദശലക്ഷം ബഹ്‌റൈൻ ദിനാറിലേക്ക് ഉയർന്നതായി പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. 2024-ൽ വൈദ്യുതി ഉൽപ്പാദനത്തിനും വിതരണത്തിനുമായി സർക്കാർ ചിലവാക്കിയ തുക 550 ദശലക്ഷം ദിനാറിലധികം കടന്ന സാഹചര്യത്തിലാണിത്. എം.പി ഹസൻ ഇബ്രാഹിമിന് വൈദ്യുതി-ജല കാര്യ മന്ത്രി യാസർ ഹുമൈദാൻ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ കണക്കുകളുള്ളത്.
വൈദ്യുതി ഉൽപ്പാദനത്തിന് 416.8 ദശലക്ഷം ദിനാറും ട്രാൻസ്മിഷന് 79 ദശലക്ഷം ദിനാറും വിതരണത്തിനായി 55 ദശലക്ഷം ദിനാറുമാണ് ചെലവായത്. ആകെ വരുമാനമായി 375.5 ദശലക്ഷം ദിനാർ ലഭിച്ചപ്പോൾ, ബാക്കി വരുന്ന 175.3 ദശലക്ഷം ദിനാർ സർക്കാർ സബ്‌സിഡിയായി നൽകി. ഇതിൽ സിംഹഭാഗവും സ്വദേശി വീടുകൾക്കായുള്ള ആനുകൂല്യങ്ങൾക്കായാണ് വിനിയോഗിച്ചത്. പ്രതിമാസം 3,000 കിലോവാട്ട് അവറിൽ താഴെ ഉപയോഗിക്കുന്ന സാധാരണ കുടുംബങ്ങൾക്ക് ആകെ ചിലവിന്റെ 89 ശതമാനവും സർക്കാർ സഹായമായി ലഭിക്കുന്നുണ്ട്.
നിലവിൽ 84.01 ദശലക്ഷം ദിനാറാണ് വിവിധ വർഷങ്ങളിലായി പിരിഞ്ഞു കിട്ടാനുള്ളത്. ഇതിൽ ഭൂരിഭാഗവും സ്വദേശി താമസക്കാരുടെ അക്കൗണ്ടുകളിലാണ്. കുടിശ്ശികയുള്ളവർക്ക് പണമടയ്ക്കാൻ ഗഡുക്കളായും നിശ്ചിത തുകയായും പ്ലാനുകൾ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം, ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി സൗരോർജ്ജ പദ്ധതികൾക്ക് രാജ്യം വലിയ പ്രധാന്യം നൽകുന്നുണ്ട്. നിലവിൽ 54 പുതിയ പുനരുപയോഗ ഊർജ്ജ പദ്ധതികൾ പുരോഗമിക്കുകയാണ്. ഇതുവഴി 500 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കാര്യക്ഷമമായ നടപടികളിലൂടെ 170 ദശലക്ഷം ദിനാർ ലാഭിക്കാൻ അതോറിറ്റിക്ക് സാധിച്ചിട്ടുണ്ട്. 2025-ലും സമാനമായ ചെലവ് പ്രതീക്ഷിക്കുന്നതായും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ചില ഉപഭോക്താക്കൾക്ക് താരീഫുകളിൽ മാറ്റം വരുത്തിയതായും അധികൃതർ സൂചിപ്പിച്ചു. നിലവിൽ വൈദ്യുതിക്ക് 32 ശതമാനവും ജലത്തിന് പകുതിയിലധികവും തുക സർക്കാർ സബ്‌സിഡിയായി വഹിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
dsfdsf



