വ്യാജ സർട്ടിഫിക്കറ്റ് നൽകിയ പ്രവാസി എൻജിനീയറെ പുറത്താക്കി; നിയമനടപടിയുമായി ബഹ്റൈൻ വൈദ്യുതി ജല അതോറിറ്റി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ഹാജരാക്കിയ പ്രവാസി എൻജിനീയർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ബഹ്‌റൈൻ വൈദ്യുതി-ജല അതോറിറ്റി (EWA) അറിയിച്ചു. ഇയാൾക്കെതിരായ കേസിൽ 2025 ഓഗസ്റ്റ് 26-ന് കോടതി വിധി പുറപ്പെടുവിച്ചു. എം.പി ഡോ. ഹിഷാം അൽ അശീരിയുടെ ചോദ്യത്തിന് മറുപടിയായാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
തൊഴിൽ പരിചയത്തിന്റെയും മുൻകാല പ്രവർത്തന മികവിന്റെയും അടിസ്ഥാനത്തിലാണ് ഇയാളെ ജോലിയിൽ പ്രവേശിപ്പിച്ചതെന്ന് അതോറിറ്റി വിശദീകരിച്ചു. ജോലിയിൽ പ്രവേശിക്കുമ്പോൾ സമർപ്പിച്ച രേഖകളിൽ അന്ന് സംശയങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് നടത്തിയ കർശനമായ പരിശോധനയിലാണ് ഒരു സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. ഇതിനെത്തുടർന്ന് 2023 ഒക്ടോബറിൽ തന്നെ കേസ് പബ്ലിക് പ്രോസിക്യൂഷനും ആഭ്യന്തര മന്ത്രാലയത്തിനും കൈമാറിയിരുന്നു.
പ്രസ്തുത എൻജിനീയറുടെ പ്രവർത്തനകാലയളവിൽ മറ്റ് സാമ്പത്തികമോ ഭരണപരമോ ആയ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് അതോറിറ്റി അറിയിച്ചു. എൻജിനീയറിങ് മേഖലയിലെ പുതിയ ദേശീയ നിയമങ്ങൾ നിലവിൽ വന്നതോടെ പരിശോധനകൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. മറ്റ് പ്രവാസി എൻജിനീയർമാരുടെ യോഗ്യതാ രേഖകളും അതോറിറ്റി പുനഃപരിശോധനയ്ക്ക് വിധേയമാക്കി വരികയാണ്. നിലവിൽ സമാനമായ മറ്റ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വൈദ്യുതി ജല അതോറിറ്റി വ്യക്തമാക്കി.
sdd



