മുണ്ടക്കൈ പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച 51 വീടുകളുടെ ഗൃഹപ്രവേശനം നാളെ
ഷീബ വിജയൻ I കേരളം
കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് ഏപ്രിൽ 27 തിങ്കളാഴ്ച നടക്കും. ആദ്യഘട്ടത്തിൽ പൂർത്തിയായ 51 വീടുകളിലേക്കാണ് കുടുംബങ്ങൾ ഒരേദിവസം താമസം മാറുന്നത്. ഫെബ്രുവരി 28-ന് താക്കോൽ കൈമാറ്റം നടന്നിരുന്നെങ്കിലും പരീക്ഷകളും നിയമസഭാ തിരഞ്ഞെടുപ്പും കാരണമാണ് ഗൃഹപ്രവേശം വൈകിയത്.
മുട്ടിലിന് സമീപം സജ്ജമാക്കിയ പുനരധിവാസ ഗ്രാമത്തിലെ ഓരോ വീടും 1,050 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ്. മൂന്ന് കിടപ്പുമുറികൾ, രണ്ട് ബാത്ത്റൂമുകൾ, കിച്ചൻ, ഡൈനിംഗ് ഹാൾ, വർക്ക് ഏരിയ, സിറ്റൗട്ട് എന്നിവ അടങ്ങുന്ന വീടുകൾ എല്ലാ ഫർണിച്ചറുകളും സജ്ജീകരിച്ച് താമസത്തിന് പൂർണ്ണസജ്ജമാണ്. മുറ്റം ഇന്റർലോക്ക് ചെയ്തും മരങ്ങളും പൂച്ചെടികളും വെച്ചുപിടിപ്പിച്ചും മനോഹരമാക്കിയ വീടുകളിൽ കുടിവെള്ളവും വൈദ്യുതിയും ഉറപ്പാക്കിയിട്ടുണ്ട്.
കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് ചടങ്ങ് നടക്കുന്ന ദിവസം പദ്ധതി പ്രദേശത്തേക്ക് പ്രവേശനം നിയന്ത്രിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് അറിയിച്ചു. അടുത്ത ബന്ധുക്കൾക്കും ക്ഷണിക്കപ്പെട്ടവർക്കും മാത്രമായിരിക്കും പ്രവേശനം. ആകെ ലക്ഷ്യമിട്ട 105 വീടുകളിൽ രണ്ടാം ഘട്ടത്തിലെ വീടുകളുടെ നിർമ്മാണം ഇപ്പോൾ പുരോഗമിക്കുകയാണ്.
gdgd



