പേരാവൂരിൽ ലഹരിക്ക് അടിമയായ മകൻ അമ്മയെ കഴുത്തറുത്തു കൊന്നു; പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
ഷീബ വിജയൻ I കേരളം
പേരാവൂർ: കണ്ണൂർ പേരാവൂരിൽ അമ്മയെ മകൻ കഴുത്തറുത്തു കൊലപ്പെടുത്തി. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പിൽ ഗീതമ്മ (50) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ക്രിസ്റ്റി (25) കേളകം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഗീതമ്മ മഹിളാ മോർച്ച ജില്ലാ കമ്മിറ്റി അംഗമാണ്.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ക്രിസ്റ്റി ലഹരിമരുന്നിന് അടിമയാണെന്നും ഇരുവരും തമ്മിൽ വീട്ടിൽ പതിവായി വഴക്കുണ്ടാകാറുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവദിവസവും ഉണ്ടായ തർക്കത്തിനൊടുവിൽ പ്രകോപിതനായ ക്രിസ്റ്റി കിടപ്പുമുറിയിൽ വെച്ച് അമ്മയെ കത്തിയുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം അയൽവാസിയായ യുവാവിനെ വിളിച്ച് പോലീസ് സ്റ്റേഷനിൽ പോകണമെന്ന് ആവശ്യപ്പെട്ട ക്രിസ്റ്റി, യാത്രയ്ക്കിടെയാണ് കൊലപാതക വിവരം വെളിപ്പെടുത്തിയത്.
ക്രിസ്റ്റി എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക ലഹരിമരുന്നുകൾ സ്ഥിരമായി ഉപയോഗിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
sfsdf



