കുവൈത്തിലെ സർക്കാർ ആശുപത്രികളിൽ പ്രവാസികൾക്കും സ്വദേശികൾക്കും കൊവിഡ് പരിശോധന സൗജന്യം
കുവൈത്ത് സിറ്റി: രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും സർക്കാർ ആശുപത്രികളിൽ കൊവിഡ് പരിശോധന സൗജന്യമാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക നടപടികളുടെ ഭാഗമായി വ്യാപക പരിശോധനകൾ നടത്താനാണ് അധികൃതരുടെ തീരുമാനം. രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ സന്പർക്കം പരിശോധിച്ച് രോഗവ്യാപന നിരക്ക് ഉൾപ്പെടെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്നും അധികൃതർ അറിയിച്ചു.
രാജ്യത്ത് പി.സി.ആർ പരിശോധന നടത്തുന്ന എല്ലാ സ്ഥാപങ്ങളും കൃത്യമായ അംഗീകാരത്തോടെയും ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായുമാണ് പ്രവർത്തിക്കുന്നത്. ഏഴ് ലബോറട്ടറികൾ പുതിയതായി അംഗീകാരത്തിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ഇവയിൽ ഒരെണ്ണത്തിന് ഇതിനോടകം അനുമതി നൽകിയതായും അധികൃതർ അറിയിച്ചു. സ്വകാര്യ ആശുപത്രികൾ അധിക ചാർജ് ഈടാക്കുന്നുണ്ടോയെന്ന് മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്.


