ബൈജൂസ് സ്ഥാപകന്റെ 84 കോടിയുടെ ആഡംബര ഭൂമി സ്വന്തമാക്കി മീഷോ സി.ഇ.ഒ വിദിത് ആത്രെ
ഷീബ വിജയൻ
ബെംഗളൂരു: ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന്റെ കുടുംബത്തിൽ നിന്ന് 83.81 കോടി രൂപയ്ക്ക് ഭൂമി വാങ്ങി മീഷോ സഹസ്ഥാപകനും സി.ഇ.ഒയുമായ വിദിത് ആത്രെ. ബെംഗളൂരു ഈസ്റ്റിലെ യെമലൂർ വില്ലേജിലുള്ള എപ്സിലോൺ റെസിഡൻഷ്യൽ വില്ലാസ് ടൗൺഷിപ്പിലെ തൊട്ടടുത്തുള്ള രണ്ട് പ്ലോട്ടുകളാണ് ആത്രെ സ്വന്തമാക്കിയത്. റിയൽ എസ്റ്റേറ്റ് ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ സാപ്കീയിൽ നിന്നുള്ള രജിസ്ട്രേഷൻ രേഖകളിലാണ് ഈ വിവരങ്ങളുള്ളത്.
ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനെതിരെ പാപ്പരത്ത നടപടികൾ തുടരുന്നതിനിടെയാണ് ഈ ഇടപാട്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബി.സി.സി.ഐ) 158.9 കോടി രൂപ കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് 2024 ജൂലൈയിലാണ് കമ്പനിക്കെതിരെ നടപടികൾ ആരംഭിച്ചത്. ബി.സി.സി.ഐ കുടിശ്ശിക തീർക്കാൻ സമാഹരിച്ച തുകയ്ക്ക് ഈടായി നൽകിയിരുന്ന സ്വത്തുക്കളാണ് ആത്രെ വാങ്ങിയതെന്നാണ് വിവരം.
രേഖകൾ പ്രകാരം ബൈജു രവീന്ദ്രന്റെ ഭാര്യ ദിവ്യ ഗോകുൽനാഥിൽ നിന്ന് 48.11 കോടി രൂപയ്ക്ക് 18,305 ചതുരശ്ര അടി ഭൂമിയും, സഹോദരൻ റിജു രവീന്ദ്രന്റെ ഭാര്യ ദീപ്ത അഖില രാഘവനിൽ നിന്ന് 35.70 കോടി രൂപയ്ക്ക് തൊട്ടടുത്തുള്ള 15,180 ചതുരശ്ര അടി ഭൂമിയുമാണ് ആത്രെ വാങ്ങിയത്. ആകെ 33,485 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഭൂമിക്ക് ശരാശരി ചതുരശ്ര അടിക്ക് 25,029 രൂപയാണ് വില. 2026 ജൂലൈ 24-ന് തയ്യാറാക്കിയ വിൽപ്പന പത്രങ്ങൾ ജൂലൈ 27-ന് രജിസ്റ്റർ ചെയ്തു. ഇടപാടിനെക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല.
വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി, ബ്രിട്ടാനിയ സി.ഇ.ഒ വരുൺ ബെറി തുടങ്ങിയ പ്രമുഖർ താമസിക്കുന്ന ആഡംബര മേഖലയാണ് എപ്സിലോൺ. അതേസമയം, ബി.സി.സി.ഐയുമായുള്ള ഒത്തുതീർപ്പ് തുക ബൈജൂസ് ഇതുവരെ പൂർണ്ണമായി അടച്ചുതീർത്തിട്ടില്ല. വായ്പക്കാരുടെ സമിതിയിൽ തീരുമാനമാകാത്തതിനാൽ കമ്പനിയെ ഏറ്റെടുക്കാൻ താൽപ്പര്യമുള്ളവരെ ക്ഷണിക്കുന്ന നടപടി നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. 2015-ൽ സഞ്ജീവ് ബർൺവാളിനൊപ്പം മീഷോ സ്ഥാപിച്ച വിദിത് ആത്രെ നിലവിൽ കമ്പനിയുടെ ചെയർമാനും എം.ഡിയും സി.ഇ.ഒയുമാണ്.
czccxcx


