പാർക്കിംഗ് പ്രതിസന്ധിയും അനുമതിയില്ലാത്ത നിർമ്മാണവും ; ‘മുഹറഖ് നൈറ്റ്സ്’ ഒരുക്കങ്ങൾ നിർത്തിവെക്കാൻ ഒരുങ്ങി മുഹറഖ് മുനിസിപ്പൽ കൗൺസിൽ


പ്രദീപ് പുറവങ്കര

മനാമ: ഈ വർഷത്തെ 'മുഹറഖ് നൈറ്റ്സ്' ആഘോഷങ്ങളുടെ ഒരുക്കങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ മുഹറഖ് മുനിസിപ്പൽ കൗൺസിൽ ഏകകണ്ഠമായി തീരുമാനിച്ചു. ആവശ്യമായ അനുമതികളും അംഗീകാരങ്ങളും നേടുന്നത് വരെ നിർമ്മാണ പ്രവർത്തനങ്ങൾ തടയാനാണ് കൗൺസിൽ വോട്ട് ചെയ്തത്.

ചരിത്രപ്രസിദ്ധമായ ഈ പ്രദേശത്ത് താമസിക്കുന്നവർക്ക് മതിയായ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കുന്നത് വരെ ആഘോഷ ഒരുക്കങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രായമായവർ ഉൾപ്പെടെ നൂറോളം താമസക്കാർ ഒപ്പിട്ട നിവേദനം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൗൺസിലിന്റെ നടപടി. താമസക്കാരുടെ ആശങ്കകൾ പരിഹരിക്കുകയും ആവശ്യമായ അനുമതികൾ വാങ്ങുകയും ചെയ്യുന്നത് വരെ പ്രവൃത്തികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ ചെയർമാനും പ്രദേശത്തെ കൗൺസിലറുമായ അബ്ദുൽ അസീസ് അൽ നാർ സമർപ്പിച്ച അടിയന്തര നിർദ്ദേശത്തിന് കൗൺസിൽ അംഗീകാരം നൽകുകയായിരുന്നു.

ഡിസംബർ 1 മുതൽ 30 വരെ നടക്കുന്ന മുഹറഖ് നൈറ്റ്സിന്റെ അഞ്ചാമത് പതിപ്പിൽ, ചരിത്രപ്രസിദ്ധമായ പേളിംഗ് പാത്തിൽ (Pearling Path) ഒരു മാസം നീണ്ടുനിൽക്കുന്ന സാംസ്കാരിക പരിപാടികൾ, കലാപ്രകടനങ്ങൾ, പ്രദർശനങ്ങൾ, വിപണന മേളകൾ എന്നിവയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാൽ പാർക്കിംഗ് ക്ഷാമം, മുനിസിപ്പൽ ഭൂമിയുടെ ഉപയോഗം, ആഘോഷവുമായി ബന്ധപ്പെട്ട വസ്തുവകകളുടെ വിതരണം എന്നിവയെച്ചൊല്ലി തർക്കം ഉടലെടുത്തിരിക്കുകയാണ്. കൗൺസിൽ ആഘോഷത്തിന് എതിരല്ലെന്നും, എന്നാൽ കൗൺസിലിനെ അറിയിക്കാതെ മുന്നോട്ട് പോകുന്നതിനെയാണ് എതിർക്കുന്നതെന്നും അബ്ദുൽ അസീസ് അൽ നാർ വ്യക്തമാക്കി. ജനങ്ങൾക്കാണ് പ്രഥമ പരിഗണനയെന്നും, വീടുകൾക്ക് സമീപം കാർ പാർക്കിംഗ് സൗകര്യം വേണമെന്നാണ് അവരുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രായമായവരെ ഇത്തരത്തിൽ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാവില്ല. കൗൺസിലുമായി നേരത്തെ ചർച്ച നടത്താതിരുന്ന ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസിനെ അദ്ദേഹം വിമർശിച്ചു. മാസങ്ങൾക്ക് മുൻപേ അറിയിച്ചിരുന്നെങ്കിൽ താമസക്കാർക്കും കടകൾക്കും പാർക്കിംഗിനുമുള്ള ബദൽ സംവിധാനങ്ങൾ ഒരുക്കാൻ സാധിക്കുമായിരുന്നുവെന്നും, മതിയായ കൂടിയാലോചനകളില്ലാതെയാണ് മുനിസിപ്പൽ ഭൂമി ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ആഘോഷത്തിന്റെ ഒരുക്കങ്ങളെ തടസ്സപ്പെടുത്തരുതെന്ന് മുഹറഖ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഖാലിദ് അൽ ഖല്ലാഫ് കൗൺസിലർമാരോട് അഭ്യർത്ഥിച്ചു. വർഷം തോറും നടക്കുന്ന പ്രധാന പരിപാടിയാണിതെന്നും തുടങ്ങാൻ ഇനി വളരെ കുറച്ച് സമയം മാത്രമേ ബാക്കിയുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട 3.5 കിലോമീറ്റർ പേളിംഗ് പാത്തിലൂടെ നടക്കുന്ന ഈ ആഘോഷം ബഹ്‌റൈന്റെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ പൈതൃക മേളയാണ്. ഒരുക്കങ്ങൾ ഒരാഴ്ചത്തേക്ക് മാറ്റിവെക്കുന്നത് പോലും വലിയ തിരിച്ചടിയാകുമെന്നും, എല്ലാ വർഷവും നടക്കുന്ന പരിപാടിയായതിനാൽ മുൻവർഷത്തെ ഏകോപന ധാരണകൾ നിലനിൽക്കുന്നുണ്ടെന്നാണ് കൾച്ചർ അതോറിറ്റി കരുതിയതെന്നും അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞ പതിപ്പിൽ 800-ഓളം സംഗീത പരിപാടികളും പ്രദർശനങ്ങളും ഉൾപ്പെടെ 1,300-ലധികം സാംസ്കാരിക പരിപാടികളാണ് അരങ്ങേറിയത്. ആധുനിക ബഹ്‌റൈന്റെ സ്ഥാപകനോടുള്ള ആദരസൂചകമായി ഹമദ് രാജാവ് പ്രഖ്യാപിച്ച 'ഇസ അൽ കബീർ വർഷത്തിൽ' മുഹറഖിന്റെ പൈതൃകം ഉയർത്തിക്കാട്ടുന്നതിനുള്ള ബഹ്‌റൈന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ആഘോഷം സംഘടിപ്പിക്കുന്നത്.

article-image

dfsddsdfsfsd

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed