മണ്ണിനടിയിലെ നിധി തേടി രാജ്യം; കോടിക്കണക്കിന് ടൺ സ്വർണ നിക്ഷേപം ഖനനം ചെയ്യാൻ പുതിയ രൂപരേഖയുമായി നീതി ആയോഗ്
ഷീബ വിജയൻ
ന്യൂഡൽഹി: രാജ്യത്തെ സ്വർണ നിക്ഷേപം പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിനായി നീതി ആയോഗ് ഉടൻ പുതിയ രൂപരേഖ പുറത്തിറക്കും. ആഗോളതലത്തിൽ സ്വർണ ഇറക്കുമതിയിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയിൽ 50.1 കോടി മുതൽ 51.8 കോടി ടൺ വരെ അസംസ്കൃത സ്വർണ അയിരിന്റെ നിക്ഷേപമുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. കരുതൽ ശേഖരങ്ങൾ ഉണ്ടായിട്ടും ഖനന മേഖലയിലെ കാര്യക്ഷമതയില്ലായ്മയാണ് ആഭ്യന്തര ഉൽപാദനത്തിന് തടസ്സമാകുന്നത്. സ്വകാര്യ കമ്പനികളെയും വിദേശ നിക്ഷേപകരെയും ആകർഷിക്കാൻ പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങളും നിലവിലെ ചട്ടങ്ങളിൽ ഇളവുകളും കൊണ്ടുവരാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സമഗ്രമായ സർവേകളുടെ കുറവ്, വ്യക്തതയില്ലാത്ത നയങ്ങൾ, ലേല നടപടികളിലെ പാകപ്പിഴകൾ എന്നിവയാണ് ഇതുവരെ നിക്ഷേപകരെ പിന്നോട്ടടിച്ചിരുന്നത്. ഈ പോരായ്മകൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. രാജ്യത്തെ ആകെ സ്വർണശേഖരത്തിന്റെ 44-45 ശതമാനവും ബീഹാറിലാണ്. രാജസ്ഥാനിൽ 25 ശതമാനവും കർണാടകയിൽ 21 ശതമാനവും നിക്ഷേപമുണ്ട്. പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് (മൂന്ന് ശതമാനം വീതം), ജാർഖണ്ഡ് (രണ്ട് ശതമാനം) എന്നിവിടങ്ങളിലും ശേഖരമുണ്ട്.
ആഗോള സ്വർണ ഇറക്കുമതിയുടെ 6.7 മുതൽ ഒമ്പത് ശതമാനം വരെ ഇന്ത്യയാണ് വാങ്ങുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ സ്വർണ ഇറക്കുമതി 71.98 ബില്യൺ ഡോളറെന്ന റെക്കോർഡ് നിരക്കിലെത്തിയിരുന്നു. പ്രതിവർഷം 800 ടണ്ണിലധികം സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇത് വ്യാപാരക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും വർദ്ധിപ്പിക്കുകയും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു. അതിനാൽ, ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിച്ച് ഇറക്കുമതി കുറയ്ക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
adsasdadsas


