'അതിരുകളില്ലാത്ത കഥകളുമായി' ഗോവ ചലച്ചിത്രമേള വെള്ളിയാഴ്ച മുതൽ; പ്രദർശനത്തിന് 230-ലധികം ചിത്രങ്ങൾ
ഷീബ വിജയൻ
പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 57-ാം പതിപ്പിന് വെള്ളിയാഴ്ച ഔദ്യോഗിക തുടക്കമാകും. ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന ഈ ചലച്ചിത്ര മാമാങ്കത്തിൽ 230-ലധികം സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ഇത്തവണ സ്പെയിൻ ആയിരിക്കും മേളയിലെ 'കൺട്രി ഓഫ് ഹോണർ' എന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. റഷ്യയാണ് മേളയുടെ പങ്കാളിത്ത രാജ്യമായി എത്തുന്നത്. 'അതിരുകളില്ലാത്ത കഥകൾ' എന്ന ആശയത്തിലാണ് ഇത്തവണത്തെ മേള അണിയിച്ചൊരുക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരും ആസ്വാദകരും ഒന്നിക്കുന്ന വേദിയായി ഗോവ മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആറ് വേദികളിലായി ഒരുക്കിയിട്ടുള്ള 13 സ്ക്രീനുകളിൽ ഏകദേശം 150 വിദേശ സിനിമകളും 86 ഇന്ത്യൻ സിനിമകളും പ്രദർശിപ്പിക്കും. നാലായിരത്തോളം പ്രതിനിധികൾക്ക് മേളയിൽ പങ്കെടുക്കാൻ സൗകര്യമുണ്ട്. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 25 ഫീച്ചർ സിനിമകളും 20 നോൺ-ഫീച്ചർ സിനിമകളും പ്രദർശനത്തിനുണ്ടാകും. ഇത്തവണ ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
cvxfvvc


