ജീൻസിൽ തേച്ചുപിടിപ്പിച്ച് കോടികളുടെ സ്വർണം, ശരീരത്തിൽ ക്യാപ്‌സൂളുകളും; കരിപ്പൂരിൽ വൻ സ്വർണവേട്ട, നാലുപേർ വലയിൽ
ഷീബ വിജയൻ
മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന വൻ പരിശോധനയിൽ രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. സ്വർണം കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരെയും ഇത് ഏറ്റുവാങ്ങാനായി വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന രണ്ട് പേരെയും കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ശരീരത്തിനുള്ളിലും വസ്ത്രങ്ങളിലും അതീവ രഹസ്യമായി ഒളിപ്പിച്ചാണ് പ്രതികൾ സ്വർണം കടത്താൻ ശ്രമിച്ചത്. പുലർച്ചെ ഒന്നരയോടെ ദുബായിൽ നിന്നെത്തിയ കോഴിക്കോട് വളയം സ്വദേശി അൽ അമീൻ (24) ആണ് ആദ്യം പിടിയിലായത്. ഇയാൾ ധരിച്ചിരുന്ന ജീൻസ് പാന്റിൽ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ച നിലയിലായിരുന്നു. ഈ ജീൻസിൽ ഏകദേശം ഒരു കോടിയോളം രൂപയുടെ സ്വർണമുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
അൽ അമീനിൽ നിന്നും സ്വർണം സ്വീകരിക്കാനെത്തിയ നാദാപുരം സ്വദേശികളായ എം. ഹാരിസ് (36), പി.ടി ഹാരിസ് (38) എന്നിവരെയും സംഘം വലയിലാക്കി. കൂടാതെ, രാവിലെ 8.30-ന് റാസൽഖൈമയിൽ നിന്നെത്തിയ മലപ്പുറം കൊളത്തൂർ സ്വദേശി ഷാജഹാനും പിടിയിലായിട്ടുണ്ട്. ഷാജഹാന്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച മൂന്ന് ക്യാപ്സൂളുകളിൽ നിന്നായി 790.5 ഗ്രാം സ്വർണമിശ്രിതമാണ് കസ്റ്റംസ് കണ്ടെടുത്തത്.
ിുംുിുി


