നഴ്സ് നിയമനം : ഒഡെപെക് സംഘം കുവൈത്തിൽ എത്തി
കുവൈത്ത് സിറ്റി : നഴ്സ് നിയമനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേരള തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തിൽ ഒഡെപെക് സംഘം കുവൈത്തിൽ എത്തി. കുവൈത്ത് ആരോഗ്യമന്ത്രാലയം അധികൃതരുമായി കൂടിക്കാഴ്ച നടത്തുന്ന സംഘത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്, ഒഡെപെക് ചെയർമാൻ എൻ. ശശിധരൻ നായർ, മാനേജിംഗ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, ജനറൽ മാനേജർ സജു സുലോചന സോമദേവ് എന്നിവരാണുള്ളത്. കേരളത്തിൽനിന്ന് ഒഡെപെക് വഴി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് നേരിട്ട് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചയാണ് പ്രധാന അജണ്ട. കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ള കേരളത്തിലെ നോർക്ക - റൂട്ട്സ് പ്രതിനിധികൾ ഇതേ ദൗത്യവുമായി നേരത്തെ കുവൈത്ത് ആരോഗ്യമന്ത്രാലയം അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ഇന്ത്യയിൽനിന്ന് നഴ്സിംഗ് റിക്രൂട്ട്മെന്റിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ ആറ് ഏജൻസികളിൽ ഒന്നാണ് കേരളത്തിൽനിന്നുള്ള ഒഡെപെക്.
തമിഴ്നാട്ടിലെ ഓവർസീസ് മാൻപവർ കോർപ്പറേഷൻ ലിമിറ്റഡ്, ഉത്തർ പ്രദേശിലെ യു.പി ഫിനാൻഷ്യൽ കോർപ്പറേഷൻ, തെലങ്കാനയിലെ തെലങ്കാന ഓവർസീസ് മാൻപവർ കന്പനി, ആന്ധ്രാപ്രദേശിലെ മാൻപവർ കന്പനി എന്നിവയാണ് മറ്റ് ഏജൻസികൾ. നേരിട്ടുള്ള നിയമനത്തിനു കരാർ ലഭിക്കുകയാണെങ്കിൽ പ്രാവർത്തികമാക്കുന്ന രീതി സംബന്ധിച്ച് ഇന്ത്യൻ എംബസി മുഖേന ആരോഗ്യമന്ത്രാലയം ഇന്ത്യൻ ഏജൻസികളോട് വിശദീകരണം തേടിയിരുന്നു. ഒഡെപെകും നോർക്കയും ഉൾപ്പെടെ ആറ് ഏജൻസികളും അത് സംബന്ധിച്ച് വിശദ മറുപടിയും നൽകി. റിക്രൂട്ട്മെന്റ് അംഗീകാരത്തിനുള്ള നടപടികൾക്ക് വേഗം കൈവരുത്തുക എന്നതാണ് സംസ്ഥാന തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഒഡെപെക് സംഘത്തിന്റെ സന്ദർശന ലക്ഷ്യം. ഇന്ത്യയിൽ നിന്ന് നഴ്സിംഗ് റിക്രൂട്ട്മെന്റിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ ആറ് ഏജൻസികളിൽ ഒന്നാണ് കേരളത്തിൽ നിന്നുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽട്ടൻറ്സ് അഥവ ഒഡെപെക് നേരത്തെ ആരോഗ്യ മന്ത്രാലയത്തിലേക്ക് ആവശ്യമുള്ള നഴ്സുമാരെ റിക്രൂട്ട് ചെയ്തിരുന്നത് സ്വകാര്യ ഏജൻസികളുടെ സഹായത്തോടെയായിരുന്നു. വിവിധ രാജ്യങ്ങളിലെ ഇടനിലക്കാരും സ്വകാര്യ ഏജൻസികളും നഴ്സിംഗ് നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്ന് വൻ തുകയാണ് ഫീസ് ആയി ഈടാക്കിയിരുന്നത്. റിക്രൂട്ട് മെന്റ് സർക്കാർ ഏജൻസിയായ ഒഡെപെക് വഴിയാകുന്നതോടെ സർവ്വീസ് ചാർജ് ആയി 20000 രൂപ മാത്രമാണ് ഉദ്യോഗാർത്ഥികൾക്ക് ചിലവ് വരിക. 500 നഴ്സുമാരെ ഒഡെപെക് വഴി കുവൈത്ത് ആരോഗ്യ മന്ത്രാലയം വൈകാതെ നിയമിച്ചേക്കും എ
ന്നാണ് അറിയുന്നത്.




