കുവൈത്ത് എയർവെയ്‌സും ബോയിംഗും സഹകരണ കരാറിൽ ഒപ്പുവെച്ചു
കുവൈത്ത് സിറ്റി : കുവൈത്ത് എയർവെയ്‌സും ബോയിംഗും തമ്മിൽ സഹകരണ കരാറിൽ ഒപ്പുവെച്ചു. കുവൈത്ത് എയർവെയ്സ് ചെയർമാൻ യൂസഫ് അൽ ജാസിമും ബോയിംഗ് ഇന്റർനാഷണൽ പ്രസിഡണ്ട് മാർക് അലെനുമാണ് കരാർ ഒപ്പുവച്ചത്. ഇരുവിഭാഗത്തിനും നേട്ടമുണ്ടാകും വിധമുള്ള വ്യവസ്ഥകൾ ഉൾപ്പെട്ടതാണ് കരാർ എന്ന് കുവൈത്ത് എയർവെയ്സ് കോർപ്പറേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.
കുവൈത്ത് എയർവെയ്സ്, ഓസ്ട്രേലിയൻ കോളജ് ഓഫ് കുവൈത്ത്, കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അതോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട് ബോയിംഗ് പ്രവർത്തിക്കും. കുവൈത്ത് വിഷൻ−2035 യാഥാർത്ഥ്യമാക്കുന്നതിന് സഹായകമാകുന്ന പദ്ധതികളാകും വ്യോമയാന രംഗത്തെ നിക്ഷേപങ്ങളിലൂടെ നടപ്പാക്കുക.
ബോയിംഗിൽ നിന്ന് 10 വിമാനം വാങ്ങാൻ കുവൈത്ത് എയർവെയ്സ് നേരത്തേ തീരുമാനിച്ചിട്ടുണ്ട്. കുവൈത്തിലെ യു.എസ് സ്ഥാനപതി ലോറൻസ് സിൽവർമാൻ, ബോയിംഗ് മിഡിൽ ഈസ്റ്റ്−നോർത്ത് ആഫ്രിക്ക−തുർക്കി മേധാവി ബർണി ഡൺ എന്നിവരും സന്നിഹിതരായിരുന്നു.
അതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ് ബോയിംഗ് മിഡിൽ ഈസ്റ്റ് മേധാവി ബർണി ഡണിനെ സെസെയ്‌ഫ് കൊട്ടാരത്തിൽ സ്വീകരിച്ചു.
