ജിദ്ദ വിമാനത്താവളത്തിൽ നിന്ന് സൗദി എയർലൈൻസ് ഉടൻ സർവ്വീസ് ആരംഭിക്കും
ജിദ്ദ : നവീകരണം പൂർത്തിയായ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സൗദി എയർലൈൻസ് ഉടൻ സർവ്വീസ് ആരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ അടുത്ത മാസം സൗദി എയർലൈൻസ് പുതിയ വിമാനത്താവളത്തിൽ നിന്നു സർവ്വീസ് ആരം ഭിക്കും.
അത്യാധുനിക സൗകര്യങ്ങളോടെയാണ് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം നവീകരിച്ചിട്ടുള്ളത്. എമിഗ്രേഷൻ, കസ്റ്റംസ്, ഗ്രൗണ്ട് സപ്പോർട്ട് സർവ്വീസ് തുടങ്ങി വിവിധ വകുപ്പുകളുമായുളള ഏകോപനം പൂർത്തിയായിവരുന്നു. വിമാനത്താവളത്തിലെ ഒരുക്കങ്ങൾ സൗദി എയർലൈൻസ് മേധാവി എൻജിനീയർ സാലിഹ് അൽ ജാസിർ കഴിഞ്ഞ ദിവസം വിലയിരുത്തി. അടുത്ത മാസം മുതൽ ആഭ്യന്തര, അന്താരാഷ്ട്ര വിമന സർവ്വീസുകൾ പുതിയ ടെർമിനലിൽ നിന്ന് നടത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
8.10 ലക്ഷം ചതുരശ്ര മീറ്ററിലാണ് പുതിയ ടെർമിനലുകൾ സ്ഥാപിച്ചിട്ടുള്ളത്. 200 ചെക് ഇൻ കൗണ്ടറുകളും 80 സെൽഫ് സർവ്വീസ് മെഷീനുകളും ടെർമിനലിന്റെ പ്രത്യേകതയാണ്. ഹജ്ജ്, ഉംറ തീർത്ഥാടകർ ഉൾപ്പെടെ ലക്ഷക്കണക്കിന് യാത്രക്കാരാണ് ഓരോ വർഷവും ജിദ്ദ വിമാനത്താവളം ഉപയോഗിക്കുന്നത്. പുതിയ വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നതോടെ യാത്രാ നടപടികൾ കൂടുതൽ വേഗത്തിലാകുമെന്നും സൗദി എയർലൈൻസ് അറിയിച്ചു.
