കുവൈത്തിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതിയില്ല
കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തില്ലെന്ന് സെൻട്രൽ ബാങ്ക്. അന്താരാഷ്ട്ര നാണയ നിധി
രൂപീകരിക്കുന്നതിനുള്ള കരാറിന്റെ എട്ടാം ആർട്ടിക്കിളനുസരിച്ച്, ഒരു അംഗരാജ്യത്തിന് നാണയ വിനിമയത്തിൽ വില വർദ്ധനവിനു കാരണമായേക്കാവുന്ന പ്രവർത്തനങ്ങളിൽ വിവേചനപരമായ നടപടിക്രമങ്ങൾ സ്വീകരിക്കാൻ അനുവാദമില്ല. നികുതി ഏർപ്പെടുത്തുകയാണെങ്കിൽ ഖജനാവിൽ 50−60ദശലക്ഷം ദിനാർ ലഭിക്കും. അതേസമയം വിദേശികളുടെ പണമിടപാടിനു നികുതി ഏർപ്പെടുത്തിയാൽ വിപരീതഫലം ഉളവാക്കുമെന്നാണു കുവൈത്ത് സെൻട്രൽ ബാങ്കിന്റെ നിലപാട്. പണമയയ്ക്കുന്നതിനു വിദേശികൾ അനധികൃതവഴികൾ തേടും.
ഔദ്യോഗിക സംവിധാനങ്ങൾ വഴിയുള്ള പണമിടപാടു കുറയുകയും ഹവാല ഇടപാട് വർദ്ധിക്കുകയും ചെയ്യുമെന്നാണു സെൻട്രൽ ബാങ്കിന്റെ വിലയിരുത്തൽ. പാർലമെന്റിന്റെ നിയമ−നിയമനിർമാണ സമിതിയും നികുതി ഏർപ്പെടുത്തുന്നതിന് എതിരാണ്. കഴിഞ്ഞ വർഷം വിദേശികൾ 400 കോടി ദിനാർ അയച്ചുവെന്നാണു കണക്ക്. നാലുവർഷത്തിനിടെ 19 ബില്യൺ ദിനാർ അയച്ചിട്ടുണ്ട്.
അതേസമയം വിദേശികൾ അയയ്ക്കുന്ന പണത്തിനു നികുതി ഏർപ്പെടുത്തുന്നതു ഭരണഘടനാലംഘനം ആകില്ലെന്നു പാർലമെന്റിന്റെ ധനകാര്യ−സാന്പത്തിക സമിതി അംഗം സാലെ അൽ അഷൂർ എം.പി. നികുതി എന്നാൽ നിലവിൽ ബാങ്കുകളും മണിഎക്സ്ചേഞ്ചുകളും പണമിടപാടിന് ഈടാക്കുന്ന ഫീസിനു തുല്യമായി പരിഗണിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
സെൻട്രൽ ബാങ്കും സാന്പത്തിക വിദഗ്ദ്ധരും ഇക്കാര്യത്തിൽ പ്രകടിപ്പിച്ച നിലപാടിന് വിരുദ്ധമാണ് എം.പിയുടെ പ്രതികരണം. വിദേശികളുടെ പണമിടപാടിനു നികുതി ഏർപ്പെടുത്തുന്ന സംബന്ധിച്ച നിർദേശങ്ങൾ സമിതി പഠനവിധേയമാക്കി വരികയാണ്.
നാലു നിർദ്ദേശങ്ങളാണു സമിതി പഠിച്ചുവരുന്നത്. നാലു നിർദ്ദേശങ്ങളിൽ പ്രായോഗികമായ ഒന്ന് താമസിയാതെ അംഗീകരിക്കുമെന്നു സമിതി മേധാവി സാലെ അൽ ഖുർഷിദ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. നികുതി പ്രാബല്യത്തിൽ വന്നാൽ പ്രതിവർഷം 50 മുതൽ 60 ദശലക്ഷം വരെ ദിനാർ വരുമാനമാണു സർക്കാർ പ്രതീക്ഷിക്കുന്നത്.

