കുവൈത്തിന്റെ തീരമേഖലയിൽ നിന്ന് പുരാവസ്തു അവശിഷ്ടങ്ങൾ കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തിന്റെ കിഴക്കൻ തീരപ്രദേശത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള 'ഉം അൽനാർ ' എന്നറിയപ്പെടുന്ന സംസ്‌കാരത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തി. വെങ്കലയുഗത്തിലേത് എന്ന് കരുതപ്പെടുന്ന അവശിഷ്ടങ്ങളാണെന്നും, ഇവ ബി.സി 2500 നോടടുത്ത് നിലനിന്നിരുന്ന സംസ്‌കാരത്തിന്റെ ശേഷിപ്പുകളാണ് കണ്ടെത്തിയതെന്നും കുവൈത്ത് ദേശീയ കലാ സാംസ്‌കാരിക സാഹിത്യ കൗൺസിൽ എൻ.സി.സി.എ.എൽ. പുരാവസ്തു മ്യൂസിയം ഡയറക്ടർ സുൽത്താൻ അൽ ദുവേഷ് കുവൈത്ത് ന്യൂസ് ഏജൻസിയോട് വ്യക്തമാക്കി.
ഇന്നത്തെ യു.എ.ഇ.യും ഒമാനും ഉൾപ്പെടുന്ന വിശാലമായ പ്രദേശത്ത് നിലനിന്നിരുന്ന സംസ്‌കാരത്തിന്റെ അടയാളങ്ങളാണെന്നും കിഴക്കൻ സൗദി അറേബ്യയുമായി ബന്ധപ്പെട്ട ആർക്കിയോളജി സർവ്വേയുടെ ശേഷിപ്പുകളാണെന്നുമാണ് പ്രാഥമിക നിഗമനം. ഏറെ സജീവമായി പ്രവർത്തിച്ചിരുന്ന ഒരു വാണിജ്യ കേന്ദ്രത്തിന്റെ അടയാളങ്ങളും മാനവ സംസ്‌കാരത്തിന് നൽകിയ മഹത്തായ സംഭാവനകളുടെ ബാക്കിയാണ് കണ്ടെത്തിയതെന്നും സുൽത്താൻ അൽ ദുവേയ്ഷ് അഭിപ്രായപ്പെട്ടു.

