2028ൽ കുവൈത്തിലെ വിദേശികളുടെ എണ്ണം 45 ലക്ഷമാകും
കുവൈത്ത് സിറ്റി : 2028 ആകുന്പോഴേക്കും കുവൈത്തിലെ വിദേശികളുടെ എണ്ണം 45 ലക്ഷമാകുമെന്ന് റിപ്പോർട്ട്. ജനസംഖ്യയുടെ 30 ശതമാനം മാത്രമാണ് കുവൈത്ത് പൗരന്മാർ എന്ന് വിവിധ സർക്കാർ വകുപ്പുകളുടെ കണക്കുകൾ വ്യക്തമാക്കുന്നു. അടുത്ത പത്ത് വർഷം കൊണ്ട് കുവൈത്ത് പൗരന്മാരുടെ എണ്ണം 17 ലക്ഷം ആയേക്കും.
പത്ത് ലക്ഷത്തോളം ജനസംഖ്യയുമായി ഇന്ത്യക്കാരാണ് കുവൈത്തിലെ വിദേശികളിൽ മുന്നിൽ. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി, വിദേശികളുടെ ജനസംഖ്യാ വർദ്ധനവിൽ അടുത്തകാലത്ത് നേരിയ കുറവുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അടുത്ത പത്ത് വർഷത്തിനുള്ളിൽ സ്വദേശികളുടെ എണ്ണം 17 ലക്ഷമായി ഉയരുന്പോൾ രാജ്യത്തെ വിദേശികളുടെ എണ്ണം 45 ലക്ഷമാകുമെന്നാണ് റിപ്പോർട്ടുള്ളത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫോർമേഷന്റെ ഇന്ന് വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 30.27 ശതമാനം മാത്രമാണ് സ്വദേശികൾ. അതായത് മൊത്തം ജനസംഖ്യയായ 45,04073−ൽ 13,63543−ആണ് സ്വദേശികൾ. 31,40,530 വിദേശികളും. വിദേശികളിൽ 9,17,000−മുള്ള ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്തുള്ളത്.
സ്വദേശിവൽക്കരണത്തിന്റെ ഫലമായി വിദേശി ജനസംഖ്യാ വർദ്ധനവിന്റെ തോത് രാജ്യത്ത് കുറഞ്ഞിട്ടുണ്ട്. എങ്കില്ലും, നിരവധി പുതിയ പദ്ധതികളും, രാജ്യത്ത് വിദേശ നിക്ഷേപകരെ ആകർഷിക്കാനായി നടത്തുന്ന ശ്രമങ്ങളും ഫലപ്രദമാകണമെങ്കിൽ വിദേശികളെ കൂടാതെ കഴിയുകയുമില്ല. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് പത്ത് വർഷത്തിനുള്ളിൽ രാജ്യത്തെ വിദേശികളുടെ എണ്ണം 45 ലക്ഷം കഴിയുമെന്ന വിവിധ സർക്കാർ വകുപ്പുകളുടെ റിപ്പോർട്ടുള്ളത്.

