ഇലക്ട്രോണിക് ഐഡന്റിറ്റി സേവനങ്ങളുടെ ചുമതല സ്വകാര്യ കമ്പനികൾക്കും നൽകാൻ അനുമതി; ബഹ്റൈൻ പാർലമെന്റിന്റെ അംഗീകാരം
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ ഇലക്ട്രോണിക് ഐഡന്റിറ്റി (e-ID) സേവനങ്ങളുടെ നടത്തിപ്പിലും പ്രവർത്തനങ്ങളിലും സ്വകാര്യ കമ്പനികൾക്ക് കൂടുതൽ പങ്കാളിത്തം നൽകുന്ന അടിയന്തര നിയമഭേദഗതിക്ക് എം.പിമാർ ഐക്യകണ്ഠേന അംഗീകാരം നൽകി. സാങ്കേതിക വിദ്യാരംഗത്ത് പ്രവർത്തിക്കുന്ന ബഹ്റൈനി കമ്പനികൾക്ക് വലിയ വാണിജ്യ സാധ്യതകൾ തുറന്നുനൽകുന്നതാണ് ഈ നീക്കം.
നിയമം നടപ്പിലായാലും ഇലക്ട്രോണിക് ഐഡന്റിറ്റി സിസ്റ്റത്തിന്റെ പൂർണ്ണ നിയന്ത്രണം സർക്കാരിൽ ഭദ്രമായിരിക്കും. ഔട്ട്സോഴ്സിംഗ് വ്യവസ്ഥകളും സേവന ഫീസുകളും നിശ്ചയിക്കാനുള്ള അധികാരം കാർഡ് വിതരണ ചുമതലയുള്ള മന്ത്രിക്കായിരിക്കും. കൂടാതെ, വിവിധ മന്ത്രാലയങ്ങൾ ഡിജിറ്റൽ ഇടപാടുകൾക്കും ഇ-സിഗ്നേച്ചറുകൾക്കും വെവ്വേറെ അനുമതി നൽകേണ്ടിരുന്ന 2018-ലെ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻസ് ആൻഡ് ട്രാൻസാക്ഷൻസ് നിയമത്തിലും ഭേദഗതി വരുത്തിയിട്ടുണ്ട്. ഇനി മുതൽ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ഏകീകൃത സാങ്കേതിക-സുരക്ഷാ മാനദണ്ഡങ്ങൾ ബാധകമാക്കും.
ഈ മാറ്റങ്ങൾ ഡിജിറ്റൽ സേവനങ്ങളുടെ വേഗത വർദ്ധിപ്പിക്കുമെന്നും പൊതുജനങ്ങൾക്ക് നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കുമെന്നും ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (iGA) ഡെപ്യൂട്ടി സി.ഇ.ഒ ഡോ. ഖാലിദ് അൽ മുത്തവ വ്യക്തമാക്കി. എം.പിമാർ അംഗീകരിച്ച ബിൽ തുടർനടപടികൾക്കായി ശൂറ കൗൺസിലിന്റെ പരിഗണനയ്ക്ക് അയച്ചു.
adfsfdsfdsds

