ഇറാൻ ബന്ധമുള്ള അനധികൃത സാമ്പത്തിക ഇടപാട്: പ്രതിക്ക് ജീവപര്യന്തവും 2 കോടി ദീനാർ കണ്ടുകെട്ടാനും ബഹ്‌റൈൻ കോടതി ഉത്തരവ്


പ്രദീപ് പുറവങ്കര

മനാമ: ഇറാനുമായി ബന്ധപ്പെട്ട് അനധികൃത ബാങ്കിംഗ് ഇടപാടുകൾ നടത്തുകയും ഭീകരവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്ത കേസിൽ മൂന്ന് പേരെ ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി ശിക്ഷിച്ചു. കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം ദീനാർ പിഴയും വിധിച്ചു. കൂടാതെ, പ്രതിയുടെ കൈവശമുള്ള 2.16 കോടിയിലധികം (21,635,316) ദീനാറും അനധികൃത സ്വത്തുക്കളിൽ നിന്ന് 4 ലക്ഷത്തിലധികം ദീനാറും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

കേസിലെ മറ്റ് രണ്ട് പ്രതികൾക്ക് നിയമവിരുദ്ധമായ കറൻസി വിനിമയത്തിന് മൂന്ന് വർഷം വീതം തടവുശിക്ഷ വിധിച്ചു. ബഹ്‌റൈനിൽ നിന്ന് ശേഖരിക്കുന്ന പണം ക്രിപ്‌റ്റോകറൻസി മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഇറാനിലേക്ക് കടത്തുകയും, ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തിയത്.

നാഷണൽ ഫിനാൻഷ്യൽ ഇന്റലിജൻസ് സെന്റർ (FINC) നടത്തിയ അന്വേഷണത്തിലാണ് അഞ്ചു വർഷത്തിനിടെ പതിനായിരത്തിലധികം ആളുകളിൽ നിന്നായി സമാഹരിച്ച കോടിക്കണക്കിന് ദീനാറിന്റെ അനധികൃത ഇടപാടുകൾ പുറത്തുകൊണ്ടുവന്നത്. പ്രതികൾ കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്.

#4pmnews #BahrainNews #BahrainCourts #FINCBahrain

article-image

cxzcxssad

You might also like

  • Lulu Exchange
  • Straight Forward

Most Viewed