ടൂറിസം കേന്ദ്രങ്ങളിൽ രാത്രികാല പരിശോധന ശക്തമാക്കണം; കടുത്ത നടപടിയാവശ്യപ്പെട്ട് ബഹ്‌റൈൻ എം.പിമാർ
പ്രദീപ് പുറവങ്കര
മനാമ: മനാമ ക്യാപിറ്റൽ ഗവർണറേറ്റിലെ റസിഡൻഷ്യൽ മേഖലകളിൽ പ്രവർത്തിക്കുന്ന ടൂറിസ്റ്റ് ക്ലബ്ബുകൾ, റെസ്റ്റോറന്റുകൾ, ഫർണിഷ്ഡ് അപ്പാർട്ട്മെന്റുകൾ എന്നിവിടങ്ങളിൽ രാത്രികാല പരിശോധന ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈൻ പാർലമെന്റിലെ ഒരു കൂട്ടം എം.പിമാർ രംഗത്തെത്തി. മദ്യപിച്ചുള്ള അനാശാസ്യ പ്രവർത്തനങ്ങളും പൊതുശല്യവും വർധിക്കുന്നുവെന്ന പ്രദേശവാസികളുടെ പരാതികളെ തുടർന്നാണ് ഈ നീക്കം.
പാർലമെന്റിലെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി അധ്യക്ഷനും ക്യാപിറ്റൽ ഗവർണറേറ്റ് നാലാം മണ്ഡലത്തിലെ എം.പിയുമായ ഡോ. ഹസൻ ബുഖമ്മസിന്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് അടിയന്തര പ്രമേയം സമർപ്പിച്ചത്. കഴിഞ്ഞ ദിവസത്തെ പാർലമെന്റ് യോഗത്തിൽ ചർച്ച ചെയ്യേണ്ടിയിരുന്ന പ്രമേയം സമയപരിമിതി കാരണം അടുത്ത ആഴ്ചത്തേക്ക് മാറ്റി വെച്ചു.
റസിഡൻഷ്യൽ മേഖലകളിലും ആരാധനാലയങ്ങൾക്ക് സമീപവുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആഭ്യന്തര മന്ത്രാലയവും ടൂറിസം മന്ത്രാലയവും സംയുക്തമായി കർശന പരിശോധന നടത്തണമെന്നും നിയമലംഘകർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. നിയമാനുസൃതമായ ടൂറിസം പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനല്ല, മറിച്ച് കുടുംബങ്ങളുടെ സമാധാനപരമായ ജീവിതവും സാമൂഹിക അന്തരീക്ഷവും ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് ഡോ. ബുഖമ്മസ് വ്യക്തമാക്കി.
xcddsdsfsds

