ബഹ്‌റൈനിൽ 4 ലക്ഷത്തിലധികം ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്തതായി പാസ്‌പോർട്ട് വിഭാഗം
പ്രദീപ് പുറവങ്കര
മനാമ: 2023 മാർച്ച് 12-ന് ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ തുടക്കമിട്ട ഇലക്ട്രോണിക് പാസ്‌പോർട്ട് പദ്ധതിയിലൂടെ ഇതുവരെ 4 ലക്ഷത്തിലധികം ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്തതായി നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ അറിയിച്ചു.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങൾക്കനുസൃതമായും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ മേൽനോട്ടത്തിലുമാണ് സർക്കാർ സേവനങ്ങൾ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ഈ പദ്ധതി നടപ്പിലാക്കിയത്.
പാസ്‌പോർട്ടിന്റെ കാലാവധി കഴിയാൻ രണ്ട് വർഷമോ അതിൽ കുറവോ ഉള്ള പൗരന്മാർക്ക് ഇപ്പോൾ ഇ-പാസ്‌പോർട്ടിലേക്ക് പുതുക്കാൻ അപേക്ഷിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. അപേക്ഷ നടപടികൾ മുൻകൂട്ടി പൂർത്തിയാക്കാൻ അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു. ബഹ്‌റൈൻ നാഷണൽ പോർട്ടൽ (bahrain.bh) വഴിയോ സർവീസ് സെന്ററുകൾ വഴിയോ അപേക്ഷകൾ സമർപ്പിക്കാം.
ഹെഡ്ക്വാർട്ടേഴ്സിലെ എക്സ്പ്രസ് സർവീസ് സെന്റർ വഴി അപേക്ഷ സമർപ്പിച്ച് രണ്ട് മണിക്കൂറിനുള്ളിൽ ഇ-പാസ്‌പോർട്ട് ലഭ്യമാകും. കൂടാതെ, രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് ഡോർസ്റ്റെപ്പ് ഡെലിവറി സൗകര്യവും ലഭ്യമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ സേവനങ്ങൾ നൽകാൻ പ്രയത്നിച്ച എൻ.പി.ആർ.എ ജീവനക്കാരെയും ഇ-സേവനങ്ങൾ പ്രയോജനപ്പെടുത്തുന്ന പൗരന്മാരെയും ശൈഖ് ഹിഷാം പ്രശംസിച്ചു.
adsdsfdsds

