കു­വൈ­ത്തി­ലെ­ എൻ‌­ജി­നീ­യർ­മാ­രു­ടെ­ പ്രശ്നം : ഇന്ത്യൻ സ്ഥാ­നപതി­ ഇടപെ­ടും


കുവൈത്ത് സിറ്റി : വിദേശി എൻ‌ജിനീയർമാരുടെ ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ഇന്ത്യൻ സ്ഥാനപതി ജീവ സാഗർ ഞായറാഴ്ചയ്ക്കകം കുവൈത്ത് മാൻ‌പവർ അതോറിറ്റി, കുവൈത്ത് എൻ‌ജിനീയേഴ്സ് സൊസൈറ്റി അധികൃതരെ കാണും. ഇന്ത്യൻ എ‌ൻ‌ജിനീയർമാരുടെ പ്രതിനിധിസംഘം സ്ഥാനപതിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ചു തീരുമാനമായത്.  

വിദേശി എ‌ൻ‌ജിനീയർമാരുടെ ഇഖാമ പുതുക്കാൻ കുവൈത്ത് എൻ‌ജിനീയേഴ്സ് സൊസൈറ്റിയുടെ സമ്മതപത്രം നിർബന്ധമാക്കിയതോടെ ഒട്ടേറെപ്പേർ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന്ള്ള എൻ‌ജിനീയർമാർക്ക് നാഷണൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷൻ (എൻ.ബി‌‌‌‌‌‌‌‌.എ) റജിസ്‌ട്രേഷൻ ഉണ്ടെങ്കിൽ മാത്രമേ സമ്മതപത്രം ലഭിക്കൂ. കുവൈത്തിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ എൻ‌ജിനീയർമാരെ തീരുമാനം പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് എൻ‌ജിനീയർമാർ സ്ഥാനപതിയെ കണ്ടത്.  

എൻ.ബി‌‌‌‌‌‌‌‌.എയ്ക്ക് പുറമെ ഇന്ത്യയിലെ എ.ഐ.സി.ടി‌‌‌‌‌‌‌‌.ഇ, യു.ജി.സി, എൻ.‌എ‌‌.എസി എന്നിവയിൽ റജിസ്ട്രേഷൻ ഉള്ളവർക്കു കൂടി കുവൈത്ത് എൻ‌ജിനീയേഴ്സ് സൊസൈറ്റിയുടെ സമ്മതപത്രം ലഭ്യമാക്കുന്നതിനുള്ള നിർദ്ദേശം സ്ഥാനപതി കുവൈത്ത് അധികൃതരുടെ മുന്പിൽ വയ്ക്കും. എൻ‌ജിനീയർമാരുടെ ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുവൈത്തിൽ പ്രവർത്തിക്കുന്ന എൻ‌ജിനീയർമാരുടെ വിവിധ സംഘടനകൾ ഏകോപിച്ചുള്ള നിവേദനം സമർപ്പിക്കാനും സ്ഥാനപതി നിർദ്ദേശിച്ചു. ഈ വിഷയത്തിൽ വ്യത്യസ്ത സംഘടനകളുമായുള്ള ചർച്ച പ്രോത്സാഹിപ്പിക്കില്ലെന്നും സ്ഥാനപതി അറിയിച്ചിട്ടുണ്ട്. 

അതേസമയം സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നതിനു 100 സ്വദേശി എൻ‌ജിനീയർമാരെ പരിശീലിപ്പിക്കും. പുതുതായികോഴ്സ് പൂർത്തിയാക്കിയ 100 പേരെയാണു സാമൂഹിക− തൊഴിൽ മന്ത്രാലയത്തിന്റെ കീഴിൽ പരിശീലിപ്പിക്കുക. അതു സംബന്ധിച്ചു പരിശീലന പരിപാടി ഞായറാഴ്ച കുവൈത്ത് നാഷണൽ ലൈബ്രറിയിൽ ആരംഭിക്കും.  

ഉദ്യോഗാർഥികളുടെ റജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. എൺപത് എൻ‌ജിനീയർമാർ ഇതിനകം റജിസ്റ്റർ ചെയ്തതായി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഹനൂഫ് അൽ ഹുമൈദി അറിയിച്ചു. ശിൽ‌പശാലകൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ തുടങ്ങിയവയാണ് പരിശീലന ക്യാന്പിൽ ഉണ്ടാകുക. വിവിധ വിഷയങ്ങളിൽ പ്രാവീണ്യമുള്ള വിദഗ്ധരാകും പരിശീലനം നൽകുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed