തീപിടിത്ത രക്ഷാദൗത്യത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ദുബൈ
ദുബൈ : തീപിടിത്തങ്ങൾ കുറയ്ക്കാൻ ആർടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തുമെന്നു ദുബൈ സിവിൽ ഡിഫൻസ്. അതിവേഗം നടപടികൾ സ്വീകരിക്കാനും ദുരന്തങ്ങൾ പരമാവധി കുറയ്ക്കാനും ഇതു സഹായകമാകും. അഗ്നിശമന ജീവനക്കാർക്കു പകരം റോബട്ടുകളെ രംഗത്തിറക്കും.
ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനും ദുർഘട മേഖലകളിൽ അനായാസം കടന്നു ചെല്ലാനും റോബട്ടുകൾക്ക് കഴിയും. കപ്പലുകളിലും മറ്റും അപകടമുണ്ടാകുന്പോൾ അതിവേഗ രക്ഷാദൗത്യത്തിനായി കൂടുതൽ നൂതന ബോട്ടുകൾ, ജെറ്റ് സ്കീ, ജെറ്റ് പായ്ക്ക് എന്നിവ സേനയിൽ ഉൾപ്പെടുത്തും.
ഉയരംകൂടിയ കെട്ടിടങ്ങളിലെ തീപിടിത്തങ്ങൾ, റോഡപകടങ്ങൾ തുടങ്ങിയ അടിയന്തരഘട്ടങ്ങളിൽ നിമിഷങ്ങൾക്കകം എത്തി സിവിൽ ഡിഫൻസിനും പോലീസിനും സമഗ്രചിത്രങ്ങൾ സഹിതമുള്ള വിവരങ്ങൾ കൈമാറാൻ കഴിയുന്ന ഡ്രോണുകൾ കൂടുതലായി വാങ്ങും. ചൂട്, മണൽക്കാറ്റ് തുടങ്ങിയവയെ അതിജീവിക്കാൻ ഡ്രോണുകൾക്കു കഴിയും.

