അണ്ണാ ഹസാരെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി
ന്യൂഡൽഹി : ലോക്പാൽ ബിൽ നടപ്പിലാക്കുക, കാർഷിക പ്രശ്‌നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സാമൂഹ്യ പ്രവർത്തകൻ അണ്ണാ ഹസാരെ ഡൽഹിയിലെ രാംലീല മൈതാനത്ത് അനിശ്ചിത കാല നിരാഹാര സമരം തുടങ്ങി. രാജ്ഘട്ട് സന്ദർശിച്ച ശേഷം രാംലീല മൈതാനത്തെത്തിയ ഹസാരെ നിരാഹാര സമരം തുടങ്ങിയതായി പ്രഖ്യാപിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ ബലികൊടുക്കാൻ താൻ തയ്യാറാണ്. അങ്ങനെയെങ്കിൽ അത് ഒരു സൗഭാഗ്യമായി കരുതുമെന്ന് ഹസാരെ പറഞ്ഞു. ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയ ദിവസമായതുകൊണ്ടാണ് സമരത്തിന് ഈ ദിവസം തിരഞ്ഞെടുത്തത് എന്ന് ഹസാരെ പറഞ്ഞു. നിരാഹാര സമരത്തിൽ രാഷ്ട്രീയ പാർട്ടികളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും നേതാക്കളെ വേദി പങ്കിടാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആവശ്യങ്ങൾ ഉന്നയിച്ച് മുന്‍പ് പലതവണ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടും മറുപടിയൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും നിരാഹാര സമരവുമായി ഹസാരെ രംഗത്തെത്തിയത്. ഹസാരെയെ സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കേന്ദ്ര−സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

