നഴ്സിംഗ് റിക്രൂട്ട്മെന് : നോർക്ക പ്രതിനിധികൾ കുവൈത്തിലേക്ക്
കുവൈത്ത് സിറ്റി : ആരോഗ്യ മന്ത്രാലയവുമായി നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ നോർക്ക പ്രതിനിധികൾ അടുത്തമാസം കുവൈത്തിലെത്തും. ആരോഗ്യമന്ത്രാലയത്തിന്‍റെ പേരിൽ സ്വകാര്യ ഏജൻസി ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുന്ന കാര്യം ബോധ്യപ്പെട്ടതിനെത്തുടർന്നാണ് നോർക്ക പ്രതിനിധികൾ കുവൈത്തിലെത്തുന്നത്.
കേരളത്തിൽ നിന്ന് കുവൈത്തിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്‍റിന്‍റെ ചുമതല നോർക്ക റൂട്സിന് കേന്ദ്രസർക്കാർ നൽകിയിരുന്നെങ്കിലും കഴിഞ്ഞ ഒന്നരവർഷമായി തുടർ നടപടികളിലുണ്ടായില്ല. കുവൈത്ത് ആരോഗ്യമന്ത്രാലയം നഴ്സിംഗ് റിക്രൂട്ട്മെന്‍റ് നടത്തുന്നുവെന്ന് കാട്ടി ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയായ ജെ.എ.എസ് ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുന്ന വാർത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നന്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം കുവൈത്തിലെത്തുന്നത്. ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട്, സുതാര്യവും ചെലവ് കുറഞ്ഞതുമായ റിക്രൂട്ട്‌മെന്റുകൾക്കാണ് നോർക്ക −റൂട്ട്‌സ് ലക്ഷ്യമിടുന്നതെന്ന് സി.ഇ.ഒ ഹരികൃഷ്ണൻ നന്പൂതിരി പറഞ്ഞു.
കുവൈത്ത് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഏജന്റുമാർ വൻ തുക ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ,രണ്ടുവർഷം മുന്പാണ് കേന്ദ്ര സർക്കാർ നോർക്കയടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് റിക്രൂട്ട്മെന്‍റ് ചുമതല നൽകിയത്. തുടർന്ന അന്നത്തെ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് നോർക്ക അധികൃതർ എം.ഒ.എച്ച് അധികാരികളുമായ കുവൈത്തിലെത്തി ചർച്ച നടത്തിയിരുന്നെങ്കില്ലും, പുരോഗതി ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ടമെന്റുകൾ ഫലപ്രദമായി നടക്കാതെ വന്നപ്പോഴാണ് ഉദ്ദ്യോഗാർത്ഥികളെ കബളിപ്പിക്കുന്ന തരത്തിലുള്ള പ്രചരണങ്ങൾ വീണ്ടും സജീവമായത്.
ഇതു ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് ഇന്ത്യൻ എംബസി ലേബർ വിഭാഗമാണ് ആരോഗ്യമന്ത്രാലയം അധികൃതരുമായി നോർക്കയ്ക്ക് ചർച്ചയ്ക്കുള്ള അവസരം ഒരുക്കിയത്. അടുത്ത മാസം ആദ്യവാരമായിരിക്കും കൂടിക്കാഴ്ച.

