സി­റി­യയിൽ ജീ­വകാ­രു­ണ്യ പ്രവർ­ത്തനം സജീ­വമാ­ക്കി­ കു­വൈ­ത്ത്


കുവൈത്ത് സിറ്റി : സിറിയയിൽ കുവൈത്തിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുന്നു. സിറിയയിലെ ഗൂതാ മേഖലയിൽ 15 ദിവസത്തിനിടെ 1,26,700 സിറിയക്കാർക്ക് കുവൈത്ത് റെഡ്ക്രസന്റ് സൊസൈറ്റി ഭക്ഷണം എത്തിച്ചു.  തുർക്കിയിലെ ഹ്യുമാനിറ്റേറിയൻ റിലീഫ് ഫൗണ്ടേഷനുമായി സഹകരിച്ചായിരുന്നുപ്രവർത്തനം. അമ്മാനിൽ കുവൈത്ത് സന്നദ്ധസംഘം സിറിയക്കാരായ 600 രോഗികൾക്ക് വൈദ്യസഹായം എത്തിച്ചു. എട്ടുപേർ ശസ്‌ത്രക്രിയയ്ക്ക് വിധേയരായതുൾപ്പെടെ ചികിത്സയും മരുന്നും കുവൈത്ത് സംഘം നൽകി. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുവൈത്തിന്റെ ജീവകാരുണ്യ സഹായം തുടരുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ വിവിധ രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ദിനാറിന്റെ ജീവകാരുണ്യ സഹായങ്ങളാണ് കുവൈത്ത് എത്തിച്ചത്. ഇറാഖിലെ മൊസൂളിൽ കുവൈത്ത് സാന്പത്തിക സഹായം ഉപയോഗിച്ച് നിർമ്മിച്ച പത്ത് സ്കൂളുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഇറാഖ് ക്യാബിനറ്റ് സെക്രട്ടറി ഉദ്ഘാടനം ചെയ്‌തു. 640 കുട്ടികൾക്ക് വീതം പഠനസൗകര്യമുള്ളതാണ് ഓരോ സ്കൂളും.  

ഇറാഖിന്റെ പല ഭാഗങ്ങളിലും സ്കൂളുകളും മെഡിക്കൽ സെന്ററുകളും പണിയാൻ കുവൈത്ത് സാന്പത്തിക സഹായം നൽകുന്നുണ്ട്. യെമനിലെ തുറമുഖ നഗരമായ ഏദനിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച കരാറിൽ റിയാദിൽ കുവൈത്ത്, സൗദി അധികൃതർ കഴിഞ്ഞ ദിവസം ഒപ്പുവച്ചു. അബ്‌യാൻ ഗവർണറേറ്റിൽ നിന്നു പൈപ്പ് വഴി വെള്ളമെത്തിക്കാനാണ് പദ്ധതി. ദിവസവും 13000- 15000 ക്യുബിക് മീറ്റർ വെള്ളമെത്തിക്കുന്നതിന് 58 കിലോമീറ്റർ പൈപ്‌ ലൈനാണ് സ്ഥാപിക്കുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed