വി­ദേ­ശി­കളു­ടെ­ ചി­കി­ത്സാ­ ഫീസ് വർ­ദ്ധനവ് സംബന്ധി­ച്ച് പ്രത്യേ­ക സമി­തി­ പഠനം നടത്തും


കുവൈത്ത് സിറ്റി : വിദേശികളുടെ ചികിത്സാ ഫീസ് വർദ്ധന  സംബന്ധിച്ച് പുനരവലോകനത്തിനു സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച് പഠനം നടത്താൻ പ്രത്യേക സമിതിയെ നിയോഗിച്ചതായി ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസിൽ അൽ സബാഹ് അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണു രാജ്യത്തെ സർക്കാർ ആശുപത്രികളിൽ വിദേശികളുടെ ചികിത്സാ ഫീസ് ഗണ്യമായി വർദ്ധിപ്പിച്ചത്. 

 ഇതിന്റെ അനുകൂല, പ്രതികൂല വശങ്ങൾ പഠിക്കാനാണ് സമിതിയെ നിയോഗിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഫീസ് വർദ്ധനയെത്തുടർന്ന് ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും ഉയർന്ന സംശയങ്ങളും ചോദ്യങ്ങളുമൊക്കെ അവലോകനം ചെയ്തുകൊണ്ടാണ് സമിതിയുടെ പഠനം. 

സർക്കാർ ആശുപത്രികളിൽനിന്നു വിദേശികളെ ഒഴിവാക്കുകയും സ്വദേശികൾക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണു ചികിൽസാ ഫീസ് കൂട്ടിയത്. ഫീസ് വർധന നടപ്പാക്കിയതിനെ തുടർന്ന് ആശുപത്രികളിലെ തിരക്ക് 30 ശതമാനം കുറഞ്ഞതായി നിരക്കുവർധന പ്രാബല്യത്തിൽ വന്നതിന്റെ അടുത്ത ദിവസങ്ങളിൽ അന്നത്തെ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 

പരിശോധനയ്ക്കായി എത്തുന്നതിനുള്ള സന്ദർശക ഫീസ് ഉൾപ്പെടെ വർദ്ധിപ്പിച്ച സാഹചര്യത്തിൽ ചികിത്സിക്കുന്ന ഡോക്ടറുടെ നിർദ്ദേശ പ്രകാരമുള്ള പതിവ് സന്ദർശനം പോലും ഒഴിവാക്കിയ വിദേശികളുണ്ട്. അനുബന്ധ പരിശോധനകൾക്കുള്ള ഫീസ് വർദ്ധനയും വിദേശികളെ ആശുപത്രികളിൽനിന്ന് അകറ്റുന്നതിന് കാരണമായി. ഇക്കാരണമാണ് ഫീസ് വർദ്ധനയുടെ ഫലം വിലയിരുത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed