കുവൈത്തിൽ പൊതുമേഖലയിൽ ജോലി കാത്തിരിക്കുന്ന സ്വദേശികളുടെ എണ്ണം കുറഞ്ഞു
കുവൈത്ത് സിറ്റി : രാജ്യത്ത് പൊതുമേഖലയിൽ ജോലിക്കുവേണ്ടി അപേക്ഷ നൽകി കാത്തിരിക്കുന്ന സ്വദേശികളുടെ എണ്ണം പകുതിയായി കുറഞ്ഞു. സിവിൽ സർവ്വീസ് കമ്മീഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. 13,652 സ്വദേശികളാണ് നിലവിൽ പൊതുമേഖലയിൽ ജോലിക്കായി കാത്തിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ പരമാവധി പേർക്ക് ജോലി നൽകുന്നതിൽ സിവിൽ സർവ്വീസ് കമ്മീഷൻ വിജയിച്ചുവെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം മാർച്ചോടെ 23,000 സ്വദേശികൾക്കാണ് നിയമനം നൽകിയത്.
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിക്കായി 10,297 സ്ത്രീകളും 3325 പുരുഷന്മാരും നാമനിർദ്ദേശം ചെയ്യപ്പെട്ടു. അവരിൽ 2678 പേർ സർവ്വകലാശാലാ ബിരുദമുള്ളവരും 726 പേർ ഡിപ്ലോമക്കാരുമാണ്. സെക്കൻഡറി സർട്ടിഫിക്കറ്റുകാരായ 878 പേരും ഇന്റർമീഡിയറ്റുകാരായ 1379 പേരുമുണ്ട്. 218 പേർ പ്രൈമറി സ്കൂൾ സർട്ടിഫിക്കറ്റുകാരും 124 പേർ സിവിൽ ട്രെയിനിംഗ് സർട്ടിഫിക്കറ്റുകാരുമാണ്. സർട്ടിഫിക്കറ്റ് ഒന്നുമില്ലാത്ത 1762 പേരുണ്ട്.
ജോലി കാത്തിരിക്കുന്നവരിൽ 274 പേർ സെൻട്രൽ എംപ്ലോയ്മെന്റിൽ വർഷങ്ങൾക്കു മുന്പ് രജിസ്റ്റർ ചെയ്തവരാണ്. ചില ജോലി ഏറ്റെടുക്കാൻ പൗരന്മാർ തയ്യാറാകുന്നില്ലെന്നതാണ് സിവിൽ സർവ്വീസ് കമ്മീഷൻ നേരിടുന്ന പ്രധാന വെല്ലുവിളി. അതിനിടെ കഴിഞ്ഞ വർഷം ഇന്റർവ്യൂ ജയിച്ച വിദേശി ഗവേഷകർക്ക് നിയമനം നൽകാൻ സിവിൽ സർവ്വീസ് കമ്മീഷൻ തയാറാകാത്തതുകൊണ്ട് വിദേശികളിൽനിന്ന് അപേക്ഷ സ്വീകരിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം തൽക്കാലം നിർത്തിവച്ചു.

