സ്വദേ­ശി­ നി­യമനം : സർ­ക്കാർ സ്വകാ­ര്യ കന്പനി­കളു­മാ­യി­ കരാർ ഒപ്പു­വെ­ച്ചു­


കുവൈത്ത് സിറ്റി : സ്വകാര്യ മേഖലയിൽ സ്വദേശികൾക്കു കൂടുതൽ തൊഴിലവസരം ലഭ്യമാക്കുന്നതിനു സർക്കാരും സ്വകാര്യ കന്പനികളും തമ്മിൽ കരാർ ഒപ്പുവച്ചു. ധനമന്ത്രാലയവും മുനിസിപ്പാലിറ്റി ഉൾപ്പെടെ സർക്കാരിന്റെ വിവിധ ഏജൻസികളും ഇക്കാര്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചു നടപടികൾ പൂർത്തിയാക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ തയ്യാറാകുന്ന സ്വദേശികൾക്കു സർക്കാർ പ്രത്യേക ആനുകൂല്യം നൽകുന്നുണ്ട്. 

അതിനുള്ള ബജറ്റ് വിഹിതം വകയിരുത്തുക എന്നതാകും ധനമന്ത്രാലയത്തിന്റെ ചുമതല. നിലവിൽ സ്വകാര്യമേഖലയിൽ സ്വദേശികൾക്കു തൊഴിൽ സംവരണമുണ്ട്. വ്യത്യസ്ത സ്ഥാപനങ്ങളിൽ വ്യത്യസ്ത തോതിലാണു സംവരണം. കൂ‍‍‍‍‍‍‍‍ടുതൽ സ്വദേശി യുവാക്കളെ സ്വകാര്യമേഖലയിൽ ഉൾക്കൊള്ളിക്കുക എന്നതാണു സർക്കാർ നയം. 

അതിനുവേണ്ടി സ്വകാര്യ സ്ഥാപനങ്ങൾ തൊഴിലവസരം സംബന്ധിച്ച വിവരം സർക്കാരിനു നൽകണം. സർവ്വകലാശാലകളിൽനിന്നു വിദ്യാഭ്യാസം പൂർത്തിയാക്കി ഇറങ്ങുന്ന യുവാക്കളുടെ പട്ടികയിൽനിന്നു യോഗ്യരായവരെ ഓരോ തസ്തികയിലേക്കും സർക്കാർ നിർദ്ദേശിക്കുമെന്നാണു കരാറിലുള്ളതെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു. 

അതേസമയം 65 വയസ്സ് പൂർത്തിയാകുന്ന വിദേശികളെ പിരിച്ചുവിടണമെന്ന് ഉത്തരവൊന്നും ഇറക്കിയിട്ടില്ലെന്നും അത്തരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും സിവിൽ സർവ്വീസ് കമ്മീഷൻ അധികൃതർ അറിയിച്ചു. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് 65 വയസ്സ് പൂർത്തിയായാൽ പിരിച്ചുവിടുമെന്നു സർവ്വീസ് കമ്മീഷൻ ഉത്തരവ് ഇറക്കേണ്ട ആവശ്യമൊന്നും ഇല്ലെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി. സിവിൽ സർവ്വീസുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഇപ്പോൾത്തന്നെ അതു സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകളുണ്ടെന്നും കമ്മീഷൻ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed