ഗാർഹിക തൊഴിലാളികളുടെ പാസ്പോർട്ട് ഇനി ഫിലിപ്പീൻസ് എംബസിയിൽ സൂക്ഷിക്കും
കുവൈത്ത് സിറ്റി : കുവൈത്തിൽ വീട്ടുജോലിക്കാരായ ഫിലിപ്പീൻസുകാരുടെ പാസ്പോർട്ട് ഫിലിപ്പീൻസ് എംബസിയിൽ സൂക്ഷിക്കുന്ന സംവിധാനം ഏർപ്പെടുത്തും. ഇതു സംബന്ധിച്ച് ഇരുരാജ്യങ്ങളും അടുത്ത മാസം ചർച്ച നടത്തുമെന്നും കുവൈത്തിലെ ഫിലിപ്പീൻസ് സ്ഥാനപതി റെനാറ്റൊ പെഡ്രോ ഓവില അറിയിച്ചു.
കുവൈത്തും ഫിലിപ്പീൻസും തമ്മിൽ ഈയിടെയുണ്ടായ പ്രശ്നങ്ങൾ സംബന്ധിച്ചു ഫിലിപ്പീൻസ് വിദേശകാര്യമന്ത്രി മനിലയിലെ കുവൈത്ത് സ്ഥാനപതി മസാഇദ് അൽ സുവൈദുമായി ചർച്ച നടത്തിയതായും റെനാറ്റോ അറിയിച്ചു.
തൊഴിലാളികളുടെ പാസ്പോർട്ട് തൊഴിലുടമകൾ പിടിച്ചുവയ്ക്കുന്ന സംവിധാനത്തിനു പകരമാണ് ഫിലിപ്പീൻസ് പുതിയ സംവിധാനം നിർദ്ദേശിക്കുന്നത്. ഫിലിപ്പീൻസ് പാസ്പോർട്ട് നിയമം അനുസരിച്ചു പാസ്പോർട്ട് സർക്കാർ സ്വത്താണ്. സർക്കാരിനോ സർക്കാർ പ്രതിനിധികൾക്കോ അല്ലാതെ ഉടമകൾ പാസ്പോർട്ട് മറ്റാർക്കും കൈമാറാൻ പാടില്ല.
ഗാർഹിക തൊഴിലാളികളായ ഫിലിപ്പീൻസുകാർ കുവൈത്തിൽ വധിക്കപ്പെട്ടതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണു തീരുമാനമെന്നു വിദേശകാര്യമന്ത്രി അലൻ പീറ്റർ മനിലയിൽ പറഞ്ഞു. തൊഴിൽ തർക്കങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ പാസ്പോർട്ട് ആയുധമാക്കി തൊഴിലുടമകൾ തൊഴിലാളികളെ പ്രയാസപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.
ശന്പള നിഷേധം, ശന്പളം വൈകൽ, അധികസമയ ജോലിക്ക് അലവൻസ് നൽകാതിരിക്കൽ, തൊഴിലാളിയുടെ സമ്മതമില്ലാതെ മറ്റു സ്പോൺസർക്കു കൈമാറൽ, ജി.സി.സിയിലെ മറ്റു രാജ്യങ്ങളിൽ ജോലിക്ക് അയയ്ക്കൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്പോൾ പരാതിപ്പെടാൻ കഴിയാത്തതു പലപ്പോഴും പാസ്പോർട്ട് തൊഴിലുടമയുടെ കൈവശമാണ് എന്നതിനാലാണ്. വിദേശങ്ങളിൽ ജോലി ചെയ്യുന്ന ഫിലിപ്പീൻസുകാർക്കു പരാതികൾ ബോധിപ്പിക്കാൻ രാജ്യാന്തര ഹോട്ട് ലൈൻ ഏർപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

