യു.എൻ രക്ഷാസമിതി അധ്യക്ഷസ്ഥാനത്ത് കുവൈത്ത്

കുവൈത്ത് സിറ്റി : കുവൈത്ത് യു.എൻ രക്ഷാസമിതി അധ്യക്ഷസ്ഥാനത്ത്. നാൽപതുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കുവൈത്ത് ഈ പദവിയിലെത്തുന്നത്. മുന്പ് 1979 ഫെബ്രുവരിയിൽ രക്ഷാസമിതി അധ്യക്ഷ പദവി വഹിച്ചിരുന്ന കുവൈത്ത് ആയിരിക്കും ഈ മാസവും രക്ഷാസമിതി അധ്യക്ഷ പദവിയിൽ. നാല് പതിറ്റാണ്ടു മുന്പത്തെ അതേ നയമാണ് കുവൈത്ത് ഇപ്പോഴും തുടരുന്നതെന്ന് പദവി ഏറ്റെടുത്ത ശേഷം യു.എന്നിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി മൻസൂർ അൽ ഉതൈബി ന്യൂയോർക്കിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അറബ് വിഷയങ്ങൾക്കു പ്രാമുഖ്യം നൽകുന്നതാണ് കുവൈത്ത് തുടരുന്ന വിദേശനയം.
പലസ്‌തീൻ വിഷയമാണു പ്രധാനം. രക്ഷാസമിതി അധ്യക്ഷ പദവിയിലിരുന്ന കാലത്ത് മധ്യപൂർവ്വ ദേശവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ പല നടപടികളും കുവൈത്ത് കൈക്കൊണ്ടിട്ടുണ്ട്. രക്ഷാസമിതിയുടെ പ്രവർത്തനം കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. മാനുഷിക വിഷയങ്ങളിൽ നൂതന മാതൃകകൾക്കും നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കസഖ്സ്ഥാനിൽ നിന്നാണ് കുവൈത്ത് അധ്യക്ഷ പദവി ഏറ്റെടുത്തത്.
ഈ ജനുവരി ഒന്ന് മുതലാണ് കുവൈത്തിന് രക്ഷാസമിതിയിൽ അംഗത്വം ലഭിച്ചത്. 2019 ഡിസംബർ 31 ജനുവവരെയാണ് കുവൈത്തിന്റെ അംഗത്വകാലാവധി. ഇത് രണ്ടാം തവണയാണ് അറബ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് കുവൈത്ത് സുരക്ഷാ കൗൺസിലിൽ എത്തുന്നത്. 1978−−-1979 കാലയളവിലാണ് നേരത്തെ കുവൈത്ത് യു.എൻ രക്ഷാസമിതിയിൽ താൽക്കാലിക അംഗമായത്. പശ്ചിമേഷ്യ വിവിധ തരത്തിലുള്ള ഭീഷണികൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ കുവൈത്തിന്റെ സെക്യൂരിറ്റി കൗൺസിൽ അംഗത്വം മേഖലക്ക് കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത് . 15 രാജ്യങ്ങളിലെ പ്രതിനിധികൾ ഉൾക്കൊള്ളുന്നതാണ് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ.
ഇതിൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങളാണ്. 10 രാജ്യങ്ങളെ തിരഞ്ഞെടുപ്പിലൂടെ അസ്ഥിര അംഗങ്ങളായി നിയമിക്കുകയാണ് ചെയ്യുക. ഈജിപ്തിന്റെ കാലാവധി അവസാനിച്ചതോടെയാണ് കുവൈത്ത് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.