ഖറാഫി നാഷണൽ കന്പനിയിലെ ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കും : വി.കെ സിംഗ്
കുവൈത്ത് സിറ്റി : ഖറാഫി നാഷണൽ കന്പനിയിൽ മാസങ്ങളായി പ്രയാസപ്പെടുന്ന ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ഒരുമാസത്തിനകം പരിഹാരമാകുമെന്നു കുവൈത്ത് അധികൃതർ ഉറപ്പു നൽകിയതായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് അറിയിച്ചു. കുവൈത്തിൽ മന്ത്രിമാർ ഉൾപ്പെടെ വിവിധതലങ്ങളിലുള്ളവരുമായി കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്ത്യൻ എംബസിയിൽ ഇന്ത്യൻ സമൂഹ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. കുവൈത്ത് അധികൃതരുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നു മന്ത്രി പറഞ്ഞു.
അതേസമയം വളരെ അനുകൂലമായ സമീപനമാണ് ഉണ്ടായിട്ടുള്ളത്. പ്രതിസന്ധിയിലായ തൊഴിലാളികളിൽ ഇഖാമാ കാലാവധി കഴിഞ്ഞതിനെ തുടർന്ന് പിഴ അടയ്ക്കാനുള്ളവർക്ക് ഇളവ് നൽകും. നാട്ടിലേക്കു തിരിച്ചയയ്ക്കുന്നതിനുള്ള സൗകര്യം വരെ ഉണ്ടാകുമെന്നു മന്ത്രി സൂചിപ്പിച്ചു. തൊഴിലാളികളുടെ ഭക്ഷണത്തിനും മറ്റുകാര്യങ്ങൾക്കും സഹായം നൽകുന്നതിൽ ഇന്ത്യൻ സമൂഹത്തിന്റെ പങ്കാളിത്തം മന്ത്രി അഭ്യർത്ഥിച്ചു.
നേരത്തെ ഷുഐബയിൽ കന്പനി ജീവനക്കാർ വസിക്കുന്ന ക്യാന്പ് സന്ദർശിച്ച മന്ത്രി എണ്ണൂറോളം ആളുകളുടെ പരാതികൾ കേട്ടു. പിന്നീട് വി.കെ സിംഗ്കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ പ്രശ്നങ്ങളും പരസ്പര സഹകരണത്തിനുള്ള ഉഭയകക്ഷി വിഷയങ്ങളും ചർച്ച ചെയ്തു. കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഉൾപ്പെടെയുള്ളവരും ചർച്ചയിൽ പങ്കെടുത്തു.

