കുവൈത്തിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കുറയ്ക്കണമെന്ന നിർദ്ദേശം ശക്തം
കുവൈത്ത് സിറ്റി : കുവൈത്തിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കുറയ്ക്കണമെന്ന നിർദ്ദേശം ശക്തമാകുന്നു. പാർലമെന്റിലാണ് നിർദ്ദേശം സമർപ്പിക്കപ്പെട്ടത്. പുരുഷന്മാരുടെ സേവനകാലം 25 വർഷമായും സ്ത്രീകളുടേത് 20 വർഷമായും പരിമിതപ്പെടുത്തണമെന്നാണ് നിർദ്ദേശം. രാജ്യത്തെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ പെൻഷൻ പ്രായം കുറയ്ക്കുന്നതുവഴി സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
40−ഓളം എം.പിമാർ നിർദ്ദേശത്തിന് ശക്തമായ പിന്തുണയും പാർലമെന്റിൽ അറിയിച്ചിട്ടുണ്ട്. ജനുവരി 9ന് ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ പെൻഷൻ പ്രായം കുറയ്ക്കണമെന്ന നിർദ്ദേശം ചർച്ചയ്ക്ക് വെയ്ക്കും. കൂടുതൽ എം.പിമാരും അനുകൂലിക്കുന്നതിനാൽ വോട്ടെടുപ്പിൽ നിർദ്ദേശം പാസാകാനും സാധ്യതയുണ്ട്. നിലവിൽ പുരുഷന്മാർക്കു 30 വർഷവും സ്ത്രീകൾക്ക് 25 വർഷവുമാണ് സർവ്വീസ് കാലാവധി.

