ഈ വർഷത്തെ ഹജ്ജ് കരാറിൽ ഇന്ത്യയും സൗദിയും ഇന്ന് ഒപ്പിടും
റിയാദ് : ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉൾകൊള്ളുന്ന കരാറിൽ ഇന്ത്യയും സൗദി അറേബ്യയും ഞായറാഴ്ച ഒപ്പിടും. സൗദി ഹജ്ജ് മന്ത്രിയുടെ ജിദ്ദയിലെ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഹജ്ജിന്റെ ചുമതല കൂടി വഹിക്കുന്ന കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയും ആതിഥേയ രാജ്യത്തെ പ്രതിനിധീകരിച്ച് സൗദി ഹജ്ജ് − ഉംറ വകുപ്പ് മന്ത്രിയും കരാറിൽ ഒപ്പു വയ്ക്കും.
സുപ്രീം കോടതിയുടെ നിർദ്ദേശമനുസരിച്ച് കേന്ദ്രസർക്കാർ രൂപപ്പെടുത്തിയ ഹജ്ജ് നയം നടപ്പിലാവുന്ന പശ്ചാത്തലത്തിലാണ് ഈ വർഷത്തെ വിശുദ്ധ ഹജ്ജ്. നറുക്കെടുപ്പിൽ പല തവണ ഭാഗ്യം തെളിയാത്തവർക്ക് ഏർപ്പെടുത്തിയിരുന്ന പരിഗണന എടുത്തുകളഞ്ഞത് പോലുള്ള കാര്യങ്ങളിൽ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി സമർപ്പിച്ചിരുന്ന നിർദ്ദേശങ്ങൾ പരിഗണിക്കപ്പെട്ടിട്ടില്ല. നിലവിൽ ഇക്കാര്യങ്ങൾ സുപ്രീം കോടതിയിലെത്തി നിൽക്കുകയാണ്.
ഹജ്ജ് തീർത്ഥാടകർക്കുള്ള കേന്ദ്രസർക്കാർ സബ്സിഡി പൂർണമായി നിർത്തലാക്കിയതും ഇത്തവണത്തെ പ്രത്യേകതയാണ്. സബ്സിഡി വെട്ടിക്കുറക്കുന്പോൾ ഉണ്ടാകുന്ന നിരക്ക് വർദ്ധനയ്ക്ക് പകരമായി വിമാന സർവ്വീസിന് ആഗോള ടെണ്ടർ നൽകണമെന്ന ആവശ്യത്തോട് കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. കേരളത്തിൽ നിന്നുള്ളവർക്ക് എംബാർകേഷൻ പോയന്റായി കരിപ്പൂരിനെ പുനഃസ്ഥാപിക്കുമെന്ന് കഴിഞ്ഞ വർഷം വാഗ്ദാനങ്ങൾ ഉയർന്നിരുന്നെങ്കിലും ആ നിലക്കുള്ള നീക്കങ്ങൾ ഇനിയും രൂപപ്പെടാനിരിക്കുകയാണ്.
അതേസമയം, രക്തബന്ധത്തിലുള്ള പുരുഷന്മാർ കൂടെയില്ലാത്ത വനിതാ തീർത്ഥാടകർക്ക് ഹജ്ജിന് അനുമതി നൽകിയത് തങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇയ്യിടെ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അനുമതി നൽകേണ്ടത് ഹജ്ജിന് ആതിഥ്യം വഹിക്കുന്ന സൗദി അറേബ്യ ആണെന്നതിനാൽ മോഡിയുടെ അവകാശവാദം പരിഹാസ്യമായി തീർന്നിരുന്നു. ഹജ്ജിന് ഇന്ത്യയ്ക്കുള്ള ക്വാട്ട 1 .7 ലക്ഷം ആണ്. മക്കാ ഹറമിലെ വിപുലീകരണ പ്രവർത്തങ്ങളുടെ പശ്ചാത്തലത്തിൽ മൂന്നു വർഷമായി വെട്ടിക്കുറച്ച ക്വാട്ട കഴിഞ്ഞ ഹജ്ജിൽ സൗദി സർക്കാർ പുനഃസ്ഥാപിച്ചിരുന്നു. ഇന്ത്യക്കു കിട്ടുന്ന ക്വാട്ട സർക്കാർ തീർത്ഥാടർക്കും സ്വകാര്യ തീർത്ഥാടകർക്കുമായി വീതിക്കുന്ന കാര്യത്തിലും കേന്ദ്ര സർക്കാർ തനതായ രീതിയാണ് കൈക്കൊള്ളുന്നത്.
വ്യോമയാന മന്ത്രാലയം, കേന്ദ്ര ഹജ്ജ് കമ്മിറ്റി, എയർ ഇന്ത്യ എന്നിവയിൽ നിന്നുള്ള ഉന്നതരും ഹജ്ജ് കരാറൊപ്പിടുന്ന ചടങ്ങിൽ സന്നിഹിതരായിരിക്കും. ആഗസ്റ്റ് പത്തൊന്പതിനാണ് ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ സമാരംഭിക്കുക. ഹാജിമാർ ജൂലൈ പതിനാല് മുതലാണ് ഹജ്ജിന്റെ നാട്ടിലേയ്ക്ക് പ്രവഹിക്കുക.

