കുവൈത്തിൽ വിദേശികളായ ജീവനക്കാരുടെ വിവരങ്ങൾ അറിയിക്കണമെന്ന് ആവശ്യം
കുവൈത്ത് സിറ്റി : വിദേശികളായ ജീവനക്കാരുടെ വിവരങ്ങൾ അറിയിക്കണെമന്നാവശ്യപ്പട്ട് കുവൈത്ത് എംപ്ലോയ്‌മെന്റ് ആൻഡ് റീപ്ലേസ്‌മെന്റ് പാർലമെന്ററി കമ്മിറ്റി സർക്കാർ ഏജൻസികൾക്ക് കത്ത് നൽകി. എട്ട് സർക്കാർ ഏജൻസികൾക്കാണ് കമ്മിറ്റി നോട്ടീസ് നൽകിയിരിക്കുന്നത്. സർക്കാർ ഏജൻ്‍സികളിൽ ജോലിചെയ്യുന്ന വിദേശികളുടെ എണ്ണം, അവരുടെ ജോലിയുടെ സ്വഭാവം, ഇവരുടെ നിയമനത്തിന് ഉപയോഗിച്ച മാർഗ്ഗം, തൊഴിൽ കരാറിലെ വ്യവസ്ഥകളും നിബന്ധനകളും തുടങ്ങിയ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് പാർലമെന്ററി കമ്മിറ്റി കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. നിലവിൽ ഇവർ ജോലിചെയ്യുന്ന തസ്തികകളിൽ അവരുടെ ആവശ്യകതയെക്കുറിച്ചും, കരാർ അവസാനിപ്പിച്ചാൽ എന്ത് സംഭവിക്കുമെന്നും പ്രസതുത തസ്തികകളിൽ സ്വദേശി പൗരന്‍മാരെ പുനർവിന്യസിക്കുന്നത് സംബന്ധിച്ചും വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനും സർക്കാർ ഏജൻസികൾക്ക് പാർലമെന്ററി കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇത്‍ സംബന്ധിച്ച വിശദമായ അവലോകന റിപ്പോർട്ട് യഥാസമയങ്ങളിൽ നൽകണമെന്ന് ഖലീൽ അൽ സാലെഹ് അദ്ധ്യക്ഷനായ കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു.
സ്വദേശികൾക്ക് ചെയ്യാൻ സാധിക്കുന്ന ജോലികൾക്ക് മറ്റുള്ളവരെ ആശ്രയിക്കില്ലെന്നും സ്വദേശിവൽക്കരണത്തിന്റെ ഭാഗമായുള്ള പുനർവിന്യാസ നയം കടലാസിൽ ഒതുങ്ങാതെ പ്രാവർത്തികമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംപ്ലോയ്‌മെന്റ് ആൻഡ് റീപ്ലേസ്‌മെന്റ് പാർലമെന്ററി കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, സർക്കാർ ഏജൻസികൾ നിർദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ച് തുടങ്ങിയിതായാണ് റിപ്പോർട്ടുകൾ.

