അട്ടപ്പാടി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു


കുവൈറ്റ്‌ സിറ്റി: വനിതാവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ച അട്ടപ്പാടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ശ്രീ. എം.ബി രാജേഷ് എം.പി നിർവ്വഹിച്ചു. പാലക്കാട്‌ ജില്ലയിലെ പുതൂര്‍ പഞ്ചായത്തിലെ എലച്ചിവഴി ഊരിലെ 249 ഓളം ആദിവാസി കുടംബങ്ങള്‍ക്കാണ് ഈ പദ്ധതി വഴി കുടിവെള്ളം ലഭിക്കുക. 16 ലക്ഷത്തോളം രൂപ മുടക്കിയാണു വനിതാവേദി കുവൈറ്റ്‌ ഈ പദ്ധതി പൂര്‍ത്തീകരിച്ചത്.

ഉദ്ഘാടന ചടങ്ങിൽ കുവൈറ്റ് വനിതാ വേദി പ്രസിഡന്റ് ശ്രീമതി. ശാന്താനായർ അധ്യക്ഷത വഹിച്ചു. വനിതാവേദി ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹൻ പനങ്ങാട്, കല ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം ദിവാകരവാര്യർ, കല ഭാരവാഹി പി.ആർ.ബാബു, സി.പി.ഐ.(എം) ഏരിയാ സെക്രട്ടറി സ. വി.ആർ.രാമകൃഷ്ണൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വട്ടത്തമ്മ, ബ്ലോക്ക് പഞ്ചായത്തംഗം സരസ്വതി, ഗ്രാമപഞ്ചായത്ത് അംഗം തങ്കവേലും തുടങ്ങിയവർ പങ്കെടുത്തു.

പ്രാഥമിക ആവശ്യങ്ങൾക്ക്‌ വേണ്ടിയുള്ള ശുദ്ധജലത്തിന്‌ കിലോമീറ്ററുകൾ താണ്ടേണ്ടി വന്ന ആദിവാസി കുടുംബങ്ങൾക്ക്‌ വലിയ ആശ്വാസമായി മാറും ഈ പദ്ധതി. പാലക്കാട് എം.പി. സഖാവ് എം.പി.രാജേഷാണ് ഈ സംരഭം വനിതാവേദി കുവൈറ്റിന് മുന്‍പാകെ ശുപാര്‍ശ ചെയ്തതും ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്കിയതും.
കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്ത്‌ കഴിഞ്ഞ 17 വർഷമായി പ്രവർത്തിച്ചുവരുന്ന വനിതാവേദി ജാതി മത രാഷ്ട്രീയ പ്രാദേശിക പരിഗണനകൾക്കപ്പുറം മാനവികതയിലൂന്നിയ ഒരു വിശാല കാഴ്ചപ്പാടാണു ഉയർത്തിപ്പിടിക്കുന്നത്‌.

തിരുവനന്തപുരം ജില്ലയില്‍ എസ്എടി ആശുപത്രിയില്‍ ഒബ്‌സര്‍വ്വേഷന്‍വാര്‍ഡ്, കോട്ടയം മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുള്ള ഇൻസ്റ്റിയൂട്ട്‌ ഓഫ്‌ ചെയിൽഡ്‌ ഹെൽത്തിൽ കുട്ടികള്‍ക്കായ് ഓ.പി വാർഡ്‌ , സുനാമി ബാധിതപ്രദേശങ്ങളിലെ അംഗനവാടികളിലേക്കുള്ള ഉപകരണങ്ങളുടെവിതരണം, നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹധനസഹായം തുടങ്ങി നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വനിതാവേദി കുവൈറ്റ്‌ നടപ്പാക്കിയിട്ടുണ്ട്‌.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed