ദുബൈ എയർ ഷോ സമാപിച്ചു
ദുബൈ : ദുബൈ എയർ ഷോ സമാപിച്ചു. ഒരാഴ്ച നീണ്ടുനിന്ന മേളയിൽ 79380 പേരാണ് സന്ദർശകരായെത്തിയത്. മേളയിൽ 113 ബില്യൺ ഡോളറിന്റെ കരാറുകൾ ഒപ്പുവെച്ചു. പതിവ് പ്രദർശനങ്ങൾക്കുപുറമേ നൂതനാശയങ്ങൾ പങ്കുവയ്ക്കാനുള്ള വേദിയായി എയർ ഷോ മാറുന്ന കാഴ്ചകൂടിയാണ് ഇത്തവണ കാണാൻ കഴിഞ്ഞത്.
യു.എ.ഇയുടെ ബഹിരാകാശ സംരംഭങ്ങൾക്ക് തുടക്കമിട്ട് സ്പേസ് പവലിയനും ബഹിരാകാശ സമ്മേളനവും ഇക്കുറി ആദ്യമായി എയർ ഷോയിൽ നടന്നു. വ്യോമയാന മേഖലയിലെ പ്രൊഫഷണലുകൾക്ക് വിപണി നയങ്ങൾ, വികസനങ്ങൾ, ഭാവി പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ യു.എ.വി സമ്മിറ്റ് സഹായമായി. കാർഗോ സോൺ സമ്മേളനം, ഗൾഫ് ഏവിയേഷൻ ട്രെയിനിംങ് ഇവന്റ്് എന്നീപുതിയ പരിപാടികളും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.49.5 ബില്യൺ ഡോളറിന്റെ ഒറ്റക്കരാർ ഒപ്പുവെച്ച് എയർ ബസ് മേളയിൽ തിളങ്ങി. 430 വിമാനങ്ങൾക്കുള്ള ഓർഡറാണ് അമേരിക്ക ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ ഇൻഡിഗോ പാർട്ണേഴ്സുമായി എയർബസ് ഒപ്പുെവച്ചത്.


