കുവൈത്തിൽ ഗതാഗത നിയമം കൂടുതൽ കർശ്ശനമാക്കി
കുവൈത്ത് സിറ്റി: കുവൈത്തിൽ ഗതാഗത നിയമം കൂടുതൽ കർശ്ശനമാക്കി. വിവിധ കേസുകളിൽ ഒറ്റ ദിവസം കൊണ്ട് 500ഓളം വാഹനങ്ങൾ കുവൈത്ത് പോലീസ് കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ കൈകാര്യം ചെയ്യൽ, അനധികൃത പാർക്കിംഗ് എന്നീ കുറ്റങ്ങൾക്കാണ് കൂടുതൽ വാഹനങ്ങളും കസ്റ്റഡിയിലെടുത്തത്. ഇതുൾപ്പെടെയുള്ള 28 ഗതാഗത നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ രണ്ട് മാസം വരെ കണ്ടുകെട്ടുന്ന വകുപ്പിലുൾപ്പെടുത്തിയാണ് നേരത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ഇറക്കിയിരുന്ന്.
ഇത് നടപ്പാക്കിത്തുടങ്ങിയ ബുധനാഴ്ച 489 വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. അഹ്‍മദി (48) കാപിറ്റൽ (65) ഹവല്ലി (80) ഫർവ്‍വാനിയ (15) ജഹ്‌റ (46) മുബാറക് അൽ കബീർ (40) എന്നിങ്ങനെയായിരുന്നു ഇത്. കൂടാതെ, ഹൈവേയിൽ നിന്നായി 142 വാഹനങ്ങളും പിടിച്ചെടുത്തു. പിടികൂടിയതിൽ വലിയൊരു വിഭാഗം സ്വദേശികളുടെ കാറുകളാണ്. ഇത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. തുടർന്ന് കസ്റ്റഡിയിലെടുക്കൽ നിയമം മരവിപ്പിച്ചിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
അതേസമയം രാജ്യത്ത് ഗതാഗത നിയമം പാലിക്കുന്നതിനാവശ്യമായ ബോധവൽക്കരണ സെമിനാറുകളും പബ്ലിക് റിലേഷൻസ് മീഡിയ വിഭാഗം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി അറിയിച്ചു.


