കുവൈത്തിൽ ജോലിയും ശന്പളവുമില്ലാതെ 58 ഇന്ത്യൻ നഴ്സുമാർ ദുരിതത്തിൽ
കുവൈത്ത് സിറ്റി : കുവൈത്തിൽ ഒന്നര വർഷമായി ജോലിയും ശന്പളവും ഇല്ലാതെ 51 മലയാളികൾ ഉൾപ്പെടെ 58 ഇന്ത്യൻ നഴ്സുമാർ ദുരിതത്തിൽ കഴിയുന്നു. 2015 ഫെബ്രവരിയിൽ കൊച്ചി, ബാംഗ്ലൂർ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രതിനിധികൾ നടത്തിയ ഇന്റർവ്യൂവിൽ പാസ്സായി കുവൈത്തിലെത്തിയവരാണ് ഇവർ. 2016ൽ കുവൈത്തിലെത്തിയ ഇവർക്ക് ആരോഗ്യ മന്ത്രാലയം താമസവും ഭക്ഷണവും ഒരുക്കി. എന്നാൽ ജോലി സംബന്ധമായ തീരുമാനം ഇതുവരെയും ഉണ്ടായിട്ടില്ല.
മൂന്ന് മാസത്തെ സന്ദർശന വിസ കാലാവധി കഴിഞ്ഞ ഇവർ താമസരേഖകളുമില്ലാതെയാണ് ഇപ്പോൾ കുവൈത്തിൽ കഴിയുന്നത്. 2016 ജൂലൈയിൽ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ആരോഗ്യമന്ത്രിയ്ക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതികൾ നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. ആരോഗ്യമന്ത്രാലയത്തിന്റെ ബജറ്റിൽ തുക വകയിരുത്തിയിട്ടില്ലാത്തതിനാൽ ശന്പളം നൽകാൻ കഴിയില്ല, ജോലി സംബന്ധിച്ച തുടർ നടപടികൾക്കും സാധ്യതയില്ല എന്നാണ് അധികൃതർ അറിയിച്ചതെന്നും നഴ്സുമാർ പറഞ്ഞു.
നഴ്സുമാരുടെ ദുരിതകഥ ഇന്ത്യൻ എംബസിയേയും കുവൈത്ത് നഴ്സസ് അസോസിയേഷനെയും ധരിപ്പിച്ചിട്ടുണ്ട്. കുവൈത്ത് അധികൃതരുമായും ചർച്ച നടത്തി ആവശ്യമായ നടപടി സ്വീകരിക്കുന്നതാണെന്ന് ഇന്ത്യൻ എംബസി അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.


