ദുബൈ താമസകുടിയേറ്റ വകുപ്പിന്റെ പേരിൽ പ്രവാസികളിൽ നിന്ന് പണം തട്ടാൻ ശ്രമം
ദുബൈ : ദുബൈയിൽ താമസകുടിയേറ്റ വകുപ്പിന്റെ പേരിൽ പ്രവാസികളിൽ നിന്ന് പണം തട്ടാൻ ശ്രമം. വകുപ്പിന്റെ വെബ്സൈറ്റിൽ രേഖകൾ അപ്്ലോഡ് ചെയ്യാത്തതിന് പിഴ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് വ്യാജ നന്പറിൽ നിന്ന് പലർക്കും ഫോൺകോളുകൾ ലഭിക്കുന്നത്.
ഒറ്റനോട്ടത്തിൽ ഡി.എൻ.ആർ.ഡിയുടെ ടോൾഫ്രീ നന്പറെന്ന് തോന്നിപ്പിക്കുന്ന വ്യാജ നന്പറിൽ നിന്നാണ് ഐ.ടി എഞ്ചിനീയറായ ഷനിലക്ക് ഫോൺ വന്നത്. ഡി.എൻ.ആർ.ഡിയുടെ വെബ്സൈറ്റിൽ രേഖകകൾ അപ്്ലോഡ് ചെയ്തിട്ടില്ലെന്നും ഇത് ഗുരുതരമായ കുറ്റമാണെന്നുമായിരുന്നു അറിയിപ്പ്. ഇതിന് ശക്തമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും ഫോൺ വിളിച്ചവർ അറിയിച്ചു. 2200 ദിർഹം ഇതിന് പിഴയും ആവശ്യപ്പെട്ടു.
ഫോൺ ഡിസ്കണക്ട് ചെയ്യാതെ മണി എക്സ്ചേഞ്ചിലെത്തി പണം അയക്കണമെന്ന നിർദേശമാണ് ഇവരിൽ സംശയം ജനിപ്പിച്ചത്. അതിന് മുന്പേ വെരിഫിക്കേഷൻ എന്ന പേരിൽ നിരവധി വിവരങ്ങൾ ഇവർ ചോദിച്ചറിയുകയും ചെയ്തു.
ഇതുസംബന്ധിച്ച ഡി.എൻ.ആർ.ഡിയിലും ദുബൈ പോലീസിനും ഷനില പരാതി നൽകിയിട്ടുണ്ട്. ഇത്തരം ഫോൺകോളുകൾക്ക് വകുപ്പുമായി ബന്ധമില്ലെന്ന് ഡി.എൻ.ആർ.ഡി അധികൃതർ അറിയിച്ചു. നിരവധി പേർ ഇത്തരത്തിൽ കബളിപ്പിക്കപ്പെടുന്നതായാണ് സൂചന. ഈ സാഹചര്യത്തിൽ ഇത്തരം ഫോൺകോളുകളെ കരുതിയിരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


