സൗദിയിൽ അനധികൃത സ്ഥാപനങ്ങൾക്കെതിരെ നടപടി
റിയാദ് : സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ അനധികൃതമായി പ്രവർത്തിക്കുന്ന നാനൂറോളം സ്ഥാപനങ്ങൾക്കെതിരെ വാണിജ്യ മന്ത്രാലയത്തിന്റെ നടപടി തുടങ്ങി. ഇതേത്തുടർന്ന് വിദേശികളായ 345 പേർ പിടിയിലായിട്ടുണ്ട്. സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരായ നടപടി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
ഷോപ്പിംഗ് സെന്ററുകൾ, കഫ്തീരിയ, വിവിധ ട്രേഡിംഗ് കന്പനികൾ തുടങ്ങി വിദേശികൾ നടത്തുന്ന സ്ഥാപനങ്ങളാണ് പിടിക്കപ്പെട്ടതിൽ കൂടുതലും. ചെറുകിട സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്ന സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് അധികൃതരുടെ നടപടി.
കിഴക്കൻ പ്രവിശ്യയിൽ മാത്രം 456 സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. 345 വിദേശികളെ പ്രോസിക്യൂട്ട് ചെയ്തതായി കമ്മിറ്റി അറിയിച്ചു. രാജ്യത്തെ മുഴുവൻ ചെറുകിട സംരംഭങ്ങളെക്കുറിച്ചും പ്രത്യേക സമിതി സൂക്ഷ്മമായ അന്വേഷണം നടത്തി വരികയാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നുണ്ട്.ഇത്തരം കച്ചവടങ്ങൾ വഴി ലഭിക്കുന്ന പണത്തിന്റെ സിംഹഭാഗവും കള്ളപ്പണമായാണ് വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നതെന്ന് സമിതി വിലയിരുത്തി. സ്വദേശികളും ഇതിൽ പങ്കാളികളാണ്. പരിശോധനകളിൽ പിടിക്കപ്പെടുന്ന സ്വദേശികൾക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നുണ്ട്.


