കുവൈത്തിൽ അടുത്ത വർഷം സൗരോർജ്ജ പദ്ധതി നടപ്പാക്കും
കുവൈത്ത് സിറ്റി : അടുത്തവർഷം ആദ്യ പാദത്തിൽ 1.2 ശതകോടി ഡോളർ ചെലവിൽ സൗരോർജ്ജ പദ്ധതി നടപ്പാക്കുമെന്ന് കുവൈത്ത് നാഷണൽ പെട്രോളിയം കന്പനി. എണ്ണയുപയോഗം കുറയ്ക്കാൻ വേണ്ടി എണ്ണയക്ക് പകരം മറ്റ് വൈദ്യുതി മാർഗ്ഗങ്ങൾ നടപ്പാക്കാനാണ് സർക്കാർ നീക്കം. വൈദ്യുതിക്ക് വേണ്ടി മാത്രം കുവൈത്ത് പ്രതിവർഷം കത്തിച്ചുകളയുന്നത് 52 ലക്ഷം ബാരൽ എണ്ണയാണ്. അതുകൊണ്ട് തന്നെ 2020നകം പൂർത്തിയാക്കാൻ കഴിയും വിധമാണ് 32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സൗരോർജ്ജ പദ്ധതി നടപ്പാക്കുന്നത്.
രാജ്യത്ത് ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ 15ശതമാനം 2030നകം പുനരുപയോഗ ഊർജ്ജമായിരിക്കണമെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സൗരോർജ്ജ പദ്ധതിക്ക് കരാർ നൽകുന്നത്.
പദ്ധതി പ്രവർത്തനത്തിന് കരാറെടുക്കാൻ താൽപ്പര്യമുള്ള കന്പനികളിൽ നിന്ന് സപ്റ്റംബർ ഏഴുവരെ ടെൻഡർ സ്വീകരിക്കുമെന്ന് കുവൈത്ത് നാഷണൽ പെട്രോളിയം കന്പനിയിലെ ആസൂത്രണ − ധനകാര്യവിഭാഗം എക്സിക്യൂട്ടീവ് ഓഫീസർ ശുക്രി അബ്ദുൽ അസീസ് അൽ മഹ്‌റൂസ് അറിയിച്ചു. സൗരോർജ്ജ പദ്ധതി കൂടുതൽ പരിസ്ഥിതി സൗഹൃദമാകും എന്നതിനുപുറമെ നിലവിൽ ഊർജ്ജോൽപ്പാദനത്തിനായി ഉപയോഗിക്കുന്ന എണ്ണ മറ്റാവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നിർദ്ദിഷ്ട പുനരുപയോഗ ഊർജ്ജത്തിൽ പകുതിയും ഈ പദ്ധതി വഴി ലഭ്യമാക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. ഒഴിവായിക്കിട്ടുന്ന ക്രൂഡ് കൂടുതൽ മൂല്യമുള്ള മറ്റ് ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കാൻ പറ്റും. അന്തരീക്ഷത്തിൽ പ്രതിവർഷമുണ്ടാകുന്ന 13ലക്ഷം ടൺ കാർബൺ മാലിന്യ സാന്നിദ്ധ്യം കുറയ്ക്കാനും പദ്ധതി സഹായകമാകുമെന്നും പ്രതീക്ഷിക്കുന്നു.

