റബർ വില റെക്കോർഡ് കുതിപ്പിൽ; ഉൽപാദനക്കുറവ് കർഷകർക്ക് തിരിച്ചടിയാകുന്നു
ഷീബ വിജയൻ
കർഷക സ്വപ്നങ്ങൾക്ക് പച്ചപ്പേകി റബർ വില ചരിത്രത്തിലാദ്യമായി 300 രൂപ കടന്നേക്കുമെന്ന സൂചന നൽകി വിപണിയിൽ കുതിപ്പ് തുടരുന്നു. ഷീറ്റ് റബറിനും ലാറ്റക്സിനും റെക്കോർഡ് വിലയ്ക്കാണ് വ്യാപാരം നടക്കുന്നതെങ്കിലും പ്രതികൂല കാലാവസ്ഥയും തൊഴിലാളി ക്ഷാമവും കാരണം ഉൽപാദനം കുറവായതിനാൽ ഭൂരിഭാഗം കർഷകർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. മേന്മയേറിയ ആർ.എസ്.എസ് 4 ഇനം ഷീറ്റിന് വ്യാഴാഴ്ച 274 രൂപയായിരുന്നു റബർ ബോർഡ് വില. പ്രമുഖ ഉൽപാദക രാജ്യങ്ങളായ തായ്ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ ഉൽപാദനം കുറഞ്ഞതാണ് രാജ്യാന്തര വിപണിയിൽ റബറിന് പ്രിയമേറ്റുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പെട്രോളിയം വിപണിയിൽ നിലനിൽക്കുന്ന അനിശ്ചിതത്വവും റബറിന്റെ ഡിമാൻഡ് ഉയർത്തുന്നുണ്ട്. ഷീറ്റ് റബറിനൊപ്പം ഒട്ടുപാലിനും വിപണിയിൽ വില കൂടിയിട്ടുണ്ട്. എന്നാൽ കാലാവസ്ഥാ വ്യതിയാനവും കടുത്ത ചൂടും മഴക്കാലത്തെ ടാപ്പിങ് കുറവും കാരണം കർഷകർക്ക് ഈ വിലക്കയറ്റത്തിലും പ്രതിസന്ധി തുടരുകയാണ്.
dgfgfgf

