ഇറാനിൽ യുഎസ് വ്യോമാക്രമണം ശക്തം; ബാലിസ്റ്റിക് മിസൈലുകളുമായി തിരിച്ചടിച്ച് ടെഹ്റാൻ
ഷീബ വിജയൻ
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഗതാഗത സംവിധാനങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് യുഎസ് വ്യോമാക്രമണം ശക്തമാക്കുന്നു. ദക്ഷിണ ഇറാനിലെ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, രണ്ട് പ്രധാന പാലങ്ങൾ എന്നിവയ്ക്ക് നേരെ യുഎസ് മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർച്ചയായ ആറാം ദിവസമാണ് യുഎസ് സേന ഇറാനിൽ ആക്രമണം നടത്തുന്നത്. പാലങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് വിവരം. കൂടാതെ ബുഷെഹർ നഗരത്തിലും സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. യുഎസ് ആക്രമണത്തിന് പ്രതികാരമായി ഗൾഫ് മേഖലയിലുള്ള അമേരിക്കൻ സഖ്യകക്ഷികൾക്ക് നേരെ ഇറാൻ ശക്തമായ തിരിച്ചടി തുടങ്ങി. ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചു. കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലും ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. മേഖലയിൽ കടുത്ത യുദ്ധപ്രതീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിടാൻ ഇറാൻ തീരുമാനിച്ചിരിക്കുകയാണ്. ചർച്ചയ്ക്ക് വഴങ്ങിയില്ലെങ്കിൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
asdfsads

