കുവൈറ്റിൽ അദ്ധ്യാപക ജോലിയിൽ നിന്ന് സ്വദേശികൾ പിന്മാറുന്നു
കുവൈറ്റ് സിറ്റി : കുവൈത്തിൽ അദ്ധ്യാപക ജോലിയിൽ നിന്നു സ്വദേശികൾ പിന്മാറുന്നു. രണ്ട് വർഷത്തിനിടയിൽ 2175 കുവൈത്തി അദ്ധ്യാപകർ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും ജോലി രാജി വെച്ചതായാണ് റിപ്പോർട്ട്.
വിദ്യാഭ്യാസമന്ത്രി മുഹമ്മദ് അൽ ഫാരിസ് ആണ് ഇത് സംബന്ധിച്ച കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ചത്. മന്ത്രാലയത്തിലെ തന്നെ മറ്റ് തസ്തികകളിലേക്ക് മാറുന്ന അദ്ധ്യാപകരുടെ എണ്ണവും വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.
2015ൽ 771 വനിതകൾ ഉൾപ്പെടെ 1018 സ്വദേശി അദ്ധ്യാപകരാണ് ജോലി രാജിവെച്ചത്. 2016ൽ രാജിവെച്ചവരുടെ എണ്ണം 1157 ആയി വർദ്ധിച്ചു . ഇതിൽ 328 പുരുഷന്മാരും 829 സ്ത്രീകളും ആണ്. 133 സ്വദേശികളാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അദ്ധ്യാപനം ഉപേക്ഷിച്ച് മന്ത്രാലയത്തിലെ മറ്റ് തസ്തികകളിലേക്ക് മാറിയത്. സർക്കാർ മേഖലയിൽ വിദേശികളെ നിയമിക്കുന്നത് പൂർണമായും നിർത്തിക്കൊണ്ട് ഈയിടെ മന്ത്രിസഭ ഉത്തരവിറക്കിയിരുന്നെങ്കിലും പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകക്ഷാമം പരിഹരിക്കാൻ വിദേശികളെ നിയമിക്കാതെ നിർവ്വാഹമില്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസമന്ത്രാലയം അധികൃതർ.

