ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം; ഗാർഹിക പീഡനക്കുറ്റത്തിന് ഭർത്താവ് അതുൽ അറസ്റ്റിൽ
ഷീബ വിജയൻ
തിരുവനന്തപുരം ആറ്റുകാലിൽ വാടകവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അതുലിനെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല സ്വദേശിനിയായ ആരതി (27) ആണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ആത്മഹത്യാ പ്രേരണാ കുറ്റവും ക്രൂരമായ ഗാർഹിക പീഡന നിയമങ്ങളും ചുമത്തിയാണ് മരട് പോലീസ് അതുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മരിക്കുന്നതിന് തൊട്ടുമുൻപ് ഭർത്താവ് തന്നെ ക്രൂരമായി മർദിച്ച വിവരം ആരതി സ്വന്തം അമ്മയെ ഫോണിൽ വിളിച്ച് കരഞ്ഞു പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവിന്റെ നിരന്തരമായ പീഡനവും മർദനവും കാരണമാണ് ആരതി ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ കുടുംബം ആദ്യമേ ആരോപിച്ചിരുന്നു. ഇതിനെ ശരിവെക്കുന്ന രീതിയിൽ ആരതിയുടെ ശരീരത്തിൽ ക്രൂരമായ മർദനമേറ്റ നിരവധി പാടുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ അതുൽ മർദിച്ചതിന്റെ ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഒന്നരവർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ആറുമാസം മുൻപാണ് ഇവർ ആറ്റുകാലിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. അതുലിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് പോലീസ് അറസ്റ്റിലേക്ക് കടന്നത്.
eqwsdeqswadsa

