ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്ന് സംശയം : കുവൈറ്റിൽ 13 പേർ അറസ്റ്റിൽ
കുവൈറ്റ് സിറ്റി : ഹിസ്ബുള്ള യുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് 13 പേരെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു. അബ്ദലി ചാരക്കേസ് പ്രതികൾക്ക് വേണ്ടി ആരംഭിച്ച പരിശോധന ക്യാന്പയിനിലാണ് ഒരു പിടികിട്ടാപ്പുള്ളി ഉൾപ്പെടെ 13 പേരെ രാജ്യസുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിലായവർക്ക് ലെബനോൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഹിസ്ബുള്ളയുമായും ഇറാനിലെ റെവലൂഷനറി ഗാർഡുമായും ബന്ധമുണ്ടെന്നാണ് സൂചന.
പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ ഹാജരാക്കിയ ഇവരെ 21 ദിവസത്തേക്ക് റിമാൻഡ് ചെയ്തതായി ഉന്നത പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു .
അബ്ദലി ചാരക്കേസ് പ്രതികൾക്ക് താമസസൗകര്യമൊരുക്കിയാതായി സംശയിക്കപ്പെടുന്ന ആറ് കുവൈറ്റ് പൗരന്മാർക്ക് പബ്ലിക് പ്രോസിക്യൂഷനു മുന്നിൽ ഹാജരാകാൻ നോടീസ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ ചാരക്കേസ് പ്രതികൾക്ക് ഇറാൻ എംബസി അഭയം നൽകിയതായ വാർത്ത കുവൈറ്റിലെ ഇറാൻ അംബാസഡർ നിഷേധിച്ചു. ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ ഇറാനും കുവൈറ്റും തമ്മിൽ കാലങ്ങളായി തുടരുന്ന ഉഭയകക്ഷി സൗഹൃദത്തിന് ഉലച്ചിലുണ്ടാക്കുമെന്നും കുവൈറ്റ് വിദേശകാര്യ മന്ത്രാലയവുമായി ആലോചിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അംബാസഡർ അലി റിദ ഇനായത്തി പറഞ്ഞു.
അബ്ദലി ചാരക്കേസ് പ്രതികൾ ഇറാൻ എംബസിയിൽ ഒളിച്ചു കഴിയുകയാണെന്നും പ്രതികൾക്ക് രക്ഷപ്പെടാൻ ഡിപ്ലോമാറ്റിക് പാസ്സ്‌പോർട്ട് ഇഷ്യു ചെയ്തതായും പ്രാദേശിക ഓൺലൈൻ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു.

